വടക്കഞ്ചേരി: കഴിഞ്ഞ മാസത്തെ അതിതീവ്ര മഴയിൽ നെന്മാറയിൽ ഉരുൾപൊട്ടി മരിച്ച ഗംഗാധരന്റെ സഹോദരൻ വള്ളിയോടുള്ള സഹദേവന്റെ വസതി ഇന്നലെ രാത്രി കേരള കോണ്ഗ്രസ് (എം) നേതാവും എം പി യുമായ ജോസ് കെ.മാണി സന്ദർശിച്ചു.ഗംഗാധരന്റെ മകൾ അമിതക്ക് ജോലി ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്നും എം പി പറഞ്ഞു.
ഉരുൾപൊട്ടലിലെ മലവെള്ളപാച്ചിലിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ്കോയന്പത്തൂരിലെ ഗംഗാ ആശുപത്രിയിൽ ചികിത്സയിലാണ് ഗംഗാധരന്റെ മറ്റൊരു മകളായ അഖില.കോയന്പത്തൂരിലെ ആശുപത്രിയിൽ അഖിലയെ ശുശ്രൂഷിക്കാൻ നിൽക്കുകയാണ് അമിത.
കോഴിക്കോട് രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു അമിത.അവിടെ പഠനത്തോടൊപ്പം തുണി കടയിൽ ജോലി ചെയ്താണ് പഠ ന ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാൽ അഖിലയെ ആശുപത്രിയിൽ പരിചരിക്കാൻ മറ്റാരും ഇല്ലാത്തതിനാൽ കോഴിക്കോട്ടെ ജോലിയും പഠനവും നിർത്തിയാണ് അമിത, ഇപ്പോൾ ആശുപത്രിയിലുള്ളത്. ഇനിയും അഖിലക്ക് ആറുമാസത്തെ ആശുപത്രി ചികിത്സ വേണം.
മൂത്ത സഹോദരി ആതിരയുടെ പ്രസവ ശുശ്രൂഷകൾ നോക്കാൻ നെന്മാറയിലെ വീട്ടിൽ വന്നതായിരുന്നു അഖില. ഏഴ് മാസം മുന്പാണ് അഖിലയെ ആലത്തൂരിലേക്ക് വിവാഹം ചെയ്ത് കൊടുത്തത്. ശരീരമാകെ ഒടിഞ്ഞു് നുറുങ്ങിയ നിലയിലാണ് അഖില.നിരവധി ഓപ്പറേഷനുകളും പ്ലാസ്റ്റിക് സർജറികളും കഴിഞ്ഞെങ്കിലും നിവർന്നിരിക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് അഖില ഇപ്പോഴും.
ഉരുൾപൊട്ടലിൽ ഗംഗാധരനു പുറമെ ഭാര്യ സുഭദ്ര, മക്കളായ ആതിര,ആര്യ, അരവിന്ദ്, ആതിരയുടെ 14 ദിവസം പ്രായമുള്ള കുട്ടി എന്നിവർ മരിച്ചിരുന്നു. ഈ കുടുംബത്തിൽ ഇനി ശേഷിച്ചത് അഖിലയും അമിതയുമാണ്. ഗംഗാധരന്റെ വീട്ടിലുള്ളവരെ കൂടാതെ ഇവരുടെ വീടിനു മുകളിലെ വീട്ടിലെ മൂന്ന് പേരും ഉരുൾപൊട്ടലിൽ അന്ന്മരിച്ചിരുന്നു.
എം പി ക്കൊപ്പം മറ്റു നേതാക്കളായ ജോസ് ജോസഫ്,അഡ്വ.കെ.കുശലകുമാർ, ജോബി ജോണ്, റെജി ഉള്ളിരിക്കൽ, വത്സലൻ, വി.എ.ബെന്നി, സന്തോഷ് അറക്കൽ, ചാർളി മാത്യു തുടങ്ങിയവരുമുണ്ടായിരുന്നു.