എം.ജെ. ശ്രീജിത്ത്
തിരുവനന്തപുരം: സിപിഎമ്മിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ കുറ്റ്യാടി സീറ്റ് തർക്കങ്ങളില്ലാതെ സിപിഎമ്മിനു വിട്ടുനൽകിയ ജോസ് കെ. മാണിക്ക് സിപിഎം സൈബർ ഗ്രൂപ്പുകളിൽ പുകഴ്ത്തൽ.
സ്ഥാനാർഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടു സിപിഎമ്മിനെ വെട്ടിലാക്കിയ സംഭവമായിരുന്നു കുറ്റ്യാടിയിലെ സീറ്റ് തർക്കം.
അതു പരിഹരിക്കാൻ കഴിയാതെ വന്നാൽ സംസ്ഥാനതലത്തിൽ ചർച്ചായാകാനും മുന്നണിക്കു ക്ഷീണം ചെയ്യാനും ഇടയാക്കുമായിരുന്നു.
എന്നാൽ, സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിനു ശേഷവും മണ്ഡലത്തിലെ സാഹചര്യം കണക്കിലെടുത്തു കേരള കോൺഗ്രസ്-എം സീറ്റ് തിരികെ നൽകിയതോടെ സിപിഎം വലിയ പ്രതിസന്ധിയിൽനിന്നു രക്ഷപ്പെട്ടു.
കുറ്റ്യാടിയിലെ മത്സരത്തെത്തന്നെ ബാധിക്കുന്ന പ്രശ്നമായി മാറിയതോടെ കഴിഞ്ഞ ദിവസം ജോസ്.കെ.മാണി കുറ്റ്യാടി സീറ്റ് സിപിഎമ്മിനു വിട്ടു നൽകുകയായിരുന്നു.
ഘടകകക്ഷിക്കാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും അവിടെ ഘടകകക്ഷി സ്ഥാനാർഥിയെ നിശ്ചയിക്കുകയും ചെയ്ത ശേഷം സീറ്റ് തിരികെയെടുത്താൽ പാർട്ടിയുടെ ഇമേജിനു ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലിലായിരുന്നു സിപിഎം.
പാർട്ടിയുടെ ശക്തികേന്ദ്രമായ കുറ്റ്യാടിയിലെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങൾ വേണ്ടത്ര ഫലം കണ്ടതുമില്ല.
തെരഞ്ഞെടുപ്പു കാലത്തു പ്രശ്നം നീണ്ടുപോകുന്നതു ദോഷം ചെയ്യുമെന്ന വലിയ പ്രതിസന്ധിക്കു മുന്നിലാണ് കേരള കോൺഗ്രസ് തീരുമാനം വലിയ ആശ്വാസമായി സിപിഎമ്മിനു മാറിയത്.
ജോസ് കെ. മാണി എന്നേ തങ്ങളോടൊപ്പം ചേരേണ്ടിയിരുന്ന സഖാവാണെന്നാണ് സൈബർ ഗ്രൂപ്പുകളില വിശേഷണം.
കേരളത്തിലെ ഭാവി മന്ത്രിക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റുകളും ഇറങ്ങിയിട്ടുണ്ട്. എൽഡിഎഫ് എധികാരത്തിലെത്തിയാൽ മികച്ച പരിഗണന കേരള കോൺഗ്രസിനു നൽകുമെന്ന മട്ടിലും പോസ്റ്റുകളുണ്ട്.
അതേസമയം, കുറ്റ്യാടി സീറ്റിൽനിന്ന് ഒഴിഞ്ഞുകൊടുത്ത മുഹമ്മദ് ഇക്ബാലിനു ഭാവിയിൽ മികച്ച പരിഗണന നൽകുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ജോസ് കെ. മാണിയുടെ തീരുമാനത്തെ കോടിയേരി ബാലകൃഷ്ണനുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ അഭിനന്ദിച്ചിരുന്നു.
പാലാ മണ്ഡലത്തിൽ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണമെന്നുള്ള നിർദേശവും കോട്ടയം ജില്ലാ കമ്മിറ്റിക്കു സിപിഎം സംസ്ഥാന നേതൃത്വം കൈമാറി.