കോട്ടയം: ഒഴിവു വരുന്ന രാജ്യസഭാ സീറ്റിൽ ജോസ് കെ മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്ഗ്രസ് എമ്മിൽ അഭിപ്രായം.
ജോസ് കെ.മാണി നേരത്തെ വഹിച്ചിരുന്ന സ്ഥാനം മുന്നണി മാറ്റത്തിന്റെ പേരിൽ രാജിവച്ചതിനാൽ ആ സ്ഥാനത്തേക്ക് പാർട്ടി ചെയർമാൻ തന്നെ വന്നാൽ മതിയെന്നാണ് പാർട്ടിക്കുള്ളിൽ അഭിപ്രായം ഉയർന്നിരിക്കുന്നത്.
എന്നാൽ രണ്ടര വർഷം മാത്രമുള്ള എംപി സ്ഥാനത്തേക്ക് വീണ്ടും എത്താൻ ജോസ് കെ.മാണിക്ക് താത്പര്യമില്ല. പകരം പാർട്ടിയിലെ മുതിർന്ന നേതാക്കളെ ആരെയെങ്കിലും നിർദേശിക്കാനാണ് സാധ്യത.
പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജിന്റെ പേരിനാണ് പ്രഥമ പരിഗണന.
നിലവിലെ എംപി തോമസ് ചാഴികാടനു പുറമേ സ്റ്റീഫൻ ജോർജിനെ രാജ്യസഭയിലേക്ക് പരിഗണിച്ചാൽ സമുദായ സമവാക്യം തെറ്റുമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്.
സംസ്ഥാന സെക്രട്ടറിമാരായ പ്രഫ. ലോപ്പസ്് മാത്യു, ജോർജുകുട്ടി ആഗസ്തി എന്നിവരും പരിഗണനയിലുണ്ട്.
ഇതിനിടയിൽ പാർട്ടിക്കു ലഭിച്ച സ്ഥാനത്തേക്ക് മലബാറിൽ നിന്നുള്ള നേതാവിനെ പരിഗണിക്കണമെന്ന ചർച്ചയും ഉയരുന്നുണ്ട്.
അങ്ങനെ വന്നാൽ കെഎസ്എഫ്ഇ മുൻ ചെയർമാൻ കൂടിയായ പി.ടി. ജോസിനെ പരിഗണിക്കും.
നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരുടെ പേരുകൾ പരിഗണനയിൽ വന്നെങ്കിലും ഇവരെ പരിഗണിക്കേണ്ടെന്ന നിലപാടിലാണ് പാർട്ടിയിലെ ഭൂരിഭാഗം ആളുകൾക്കും. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മുതിർന്ന മാധ്യമ പ്രവർത്തകന്റെ പേരും സ്ഥാനാർഥി പട്ടികയിലുണ്ട്.
പാർട്ടി പിളർപ്പിലും ചിഹ്ന തർക്കത്തിലും ജോസ് കെ.മാണിക്ക് അനുകൂലമായി ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തി എന്ന നിലയിലും പതിറ്റാണ്ടുകളായി ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വ്യക്തി എന്ന നിലയിലുള്ള ബന്ധങ്ങളുമാണ് മുതിർന്ന മാധ്യമ പ്രവർത്തകനെ പരിഗണിക്കാൻ കാരണം.