സ്വന്തം ലേഖകൻ
ന്യൂഡൽഹി: കേരള കോണ്ഗ്രസ്-എമ്മിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം വൈകാതെ എടുക്കുമെന്ന് ജോസ് കെ. മാണി എംപി. കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ ബില്ലുകൾക്കും അവശ്യസാധന ഭേദഗതിക്കുമെതിരേ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പിനു മുന്പായി മുന്നണി പ്രവേശനം അടക്കമുള്ള രാഷ്ട്രീ യതീരുമാനം സ്വീകരിക്കാൻ പാർട്ടിയുടെ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്.
പാർലമെന്റ് സമ്മേളനം ആയിരുന്നതിനാൽ ഇതു സംബന്ധിച്ചു പാർട്ടി പ്രവർത്തകരും നേതാക്കളുമായി കൂടുതൽ ചർച്ചകൾ നടത്താനായില്ല. ഏതെങ്കിലും മുന്നണികളുടെ നേതാക്കളുമായും ചർച്ച നടത്തിയിട്ടില്ല.
കർഷക ബില്ലുകൾ ഒപ്പുവയ്ക്കാതെ തിരിച്ചയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത നീക്കത്തിനു പൂർണ പിന്തുണ നൽകും.
കേന്ദ്രസർക്കാരിന്റെ വിവാദമായ മൂന്നു കാർഷിക ബില്ലുകളും അടിമുടി കർഷക വിരുദ്ധമാണ്.
രാഷ്ട്രപതിയെ കണ്ടു നിവേദനം നൽകാൻ ഇന്നലെ ഗുലാം നബി ആസാദ് പോയപ്പോൾ കേരളത്തിൽ നിന്നുള്ള എംപിമാരെന്ന നിലയിൽ എളമരം കരീമും ബിനോയി വിശ്വവും താനും ഒരുമിച്ചുണ്ടായിരുന്നതിനു തത്കാലം രാഷ്ട്രീയമൊന്നുമില്ലെന്നും ജോസ് വിശദീകരിച്ചു.
എ.കെ. ആന്റണി, വയലാർ രവി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നില്ലെന്നും സ്വഭാവികമായും എല്ലാ കേരള എംപിമാരുമായി വ്യക്തിപരമായ സൗഹൃദവും ബഹുമാനവും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.