റെജി ജോസഫ്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്കെന്ന് ജോസ് കെ. മാണി പ്രഖ്യാപിച്ചതോടെ കേരള രാഷ്ട്രീയത്തിലെ മുന്നണി ബന്ധങ്ങൾ മാറിമറിയുകയാണ്.
കെ.എം. മാണി ഉൾപ്പെടെയുള്ളവർ നാലു പതിറ്റാണ്ട് നേതൃത്വം നൽകിയ യുഡിഎഫ് കൂട്ടായ്മയിൽനിന്ന് ജോസ് കെ. മാണിയും കൂട്ടരും സിപിഎം നേതൃത്വത്തിലുള്ള മുന്നണിയോട് സഖ്യം സ്ഥാപിച്ചിരിക്കുന്നു. നിലവിലെ രാഷ്ട്രീയസാഹചര്യം ജോസ് കെ. മാണി ദീപികയോട് വിശദീകരിക്കുന്നു.
എന്താണ് പുതിയ ധാരണ?
ഞങ്ങൾ വ്യക്തമായ രാഷ്ട്രീയ നിലപാട് എൽഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഘടകകക്ഷികളുമായി ആലോചിച്ചശേഷം സിപിഎം അവരുടെ നിലപാട് വ്യക്തമാക്കും.
ആദ്യഘട്ടത്തിൽ, ആസന്നമായ തദ്ദേശസ്ഥാപന സീറ്റ് വിഭജന ചർച്ച നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് എത്തുന്പോൾ മാത്രമേ ആഴത്തിൽ ചർച്ചയുള്ളൂ എങ്കിലും ഇക്കാര്യങ്ങളിൽ ഒരു ഔട്ട്ലൈൻ ഉടനെ വേണമെന്ന് ആവശ്യപ്പെടും.
ഞങ്ങൾ ഇടതു സർക്കാരിന് സമർപ്പിച്ച കാർഷിക നിവേദനത്തിൽ അനുകൂലമായ സമീപനവും നടപടിയും സർക്കാർ സ്വീകരിച്ചുവരുന്നതിൽ സംതൃപ്തിയുണ്ട്.
പട്ടയം, തോട്ടംവിളകൾ, കർഷക പെൻഷൻ, സഹകരണ സ്ഥാപനങ്ങളിലെ കുടിശിക ഏറ്റെടുക്കൽ തുടങ്ങിയവയിൽ അനുകൂല നടപടിയുണ്ടായി. വന്യജീവി ആക്രമണം, ഉപാധിരഹിത പട്ടയം, റബറിന് 200 രൂപ താങ്ങുവില, കസ്തൂരിരംഗൻ എന്നിവയിലും അനുകൂല സമീപനം പ്രതീക്ഷിക്കുന്നു.
പാലായും കാഞ്ഞിരപ്പള്ളിയും?
കാലങ്ങളായി ഞങ്ങൾ മത്സരിക്കുന്ന പാലാ, കാഞ്ഞിരപ്പള്ളി ഉൾപ്പെടെ നിയമസഭാ സീറ്റുകളിൽ നിലപാടും ആവശ്യങ്ങളും അറിയിക്കും. പ്രത്യേകിച്ചും തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കേരള കോണ്‍ഗ്രസിന്റെ സാധ്യതയും ജനപിന്തുണയും അറിയാവുന്ന എൽഡിഎഫ് ഇതനുസരിച്ച് ചർച്ച നടത്തി തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷ.
ഗ്രാമപഞ്ചായത്തു മുതൽ ലോക്സഭ വരെ ഞങ്ങൾ ഇതോടകം മത്സരിച്ചതും ശക്തി തെളിയിച്ചതുമായ കണക്കുകൾ നിരത്തുന്പോൾ അർഹമായ അംഗീകാരം ലഭിക്കും.
കേരള കോണ്‍ഗ്രസ് -എം പാർട്ടിയുടെയും ചിഹ്നത്തിന്റെയും അംഗീകാരം സംബന്ധിച്ച കേസിൽ 19നു ഹൈക്കോടതി വിധി ഞങ്ങൾക്ക് അനുകൂലമാകുമെന്നുതന്നെയാണു പ്രതീക്ഷ.
അണികളുടെ വികാരം?
ഇപ്പോഴത്തേത് ഞാനോ ഏതാനും വ്യക്തികളോ എടുത്ത തീരുമാനമല്ല. കേരള കോണ്‍ഗ്രസ് പാർട്ടിയെ ഒരു കാരണവുമില്ലാതെ യുഡിഎഫിൽനിന്നു പുറത്താക്കുകയായിരുന്നു.
യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് കോണ്‍ഗ്രസ് നേതാക്കൾ ആലോചിച്ചശേഷം കണ്‍വീനർ എഴുതി വായിക്കുകയായിരുന്നു. അതൊക്കെ ചില ആസൂത്രിത അജൻഡകളുടെ തനിയാവർത്തനമായിരുന്നുവെന്ന് ഞങ്ങൾക്ക് തിരിച്ചറിയാനാകും.
മുൻപ് ബാർ കോഴ ആരോപണം മാണിസാറിനെതിരെ ഉയർത്തിക്കൊണ്ടു വന്നത് അദ്ദേഹം മുഖ്യമന്ത്രിയാകുമോയെന്ന ആശങ്കയിൽ കോണ്‍ഗ്രസിലെ പ്രമുഖരുടെ കരുനീക്കങ്ങളുടെ ഭാഗമായിരുന്നു. കേരള കോണ്‍ഗ്രസിനെ ഇല്ലായ്മപ്പെടുത്താനുള്ള ചിലരുടെ നീചമായ ഹിഡൻ
അജൻഡ എക്കാലത്തും അനുഭവിച്ചിട്ടുണ്ട്. മാണി സാറിനെ എക്കാലവും ചതിച്ചവരോടു കൂടെ ഇനി എന്തിനു തുടരണം എന്ന വികാരം കേരള കോണ്‍ഗ്രസ് അണികളിൽ ശക്തമാണ്.
അനുഭവം പഠിപ്പിച്ചത്?
പി.ടി. ചാക്കോയുടെ അകാലമരണത്തിലെ വികാരത്തിൽനിന്നും കേരള കോണ്‍ഗ്രസ് സ്ഥാപിതമായതു മുതൽ കോണ്‍ഗ്രസിന്റെ പാരയും ചവിട്ടും അനുഭവിച്ചിട്ടുണ്ട്.
പി.ടി. ചാക്കോ മുഖ്യമന്ത്രിയാകുമോ എന്ന ഭയത്തിലാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് നേതാക്കളിൽ ചിലർ ഒതുക്കിയത്. അതേ തുടർച്ചയിൽ കാലങ്ങളോളം പാലായിൽ മാണി സാറിനെ വരെ തോൽപ്പിക്കാൻ കഴുകൻതന്ത്രങ്ങൾ സ്വീകരിച്ചവർ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ട്.
ഇതൊക്കെ അറിയാമായിരുന്നിട്ടും മാണിസാർ സംയമനം പുലർത്തുകയായിരുന്നു. അദ്ദേഹം രോഗബാധിതനായി ചികിത്സയിലിരിക്കെ ലോക്സഭാ ഇലക്ഷനിലും മരണശേഷം നടന്ന പാലാ ഉപതെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസിനെ പിളർത്താനും രണ്ടില ചിഹ്നം നഷ്ടപ്പെടുത്താനും ഇതേ ശക്തികളാണു ശ്രമിച്ചത്.
എതിർപ്പ് വ്യക്തിപരമോ?
സമ്മർദശക്തികളുടെ എതിർപ്പിൽ ഒരു ഘട്ടത്തിൽ രാഷ്ട്രീയമായി ഏറെ ദുർബലനായിത്തീർന്ന പി.ജെ. ജോസഫിനെ പദവികളോടെയും പരിഗണനകളോടെയും ഒപ്പംകൂട്ടി യുഡിഎഫിൽ തിരികെ കൊണ്ടുവന്ന് എംഎൽഎയും മന്ത്രിയുമാക്കിയത് കെ.എം. മാണിയാണ്.
ഇതിൽ ശക്തമായ എതിർപ്പു മുന്നണിക്കുള്ളിൽപോലും ഉണ്ടായിരുന്നു. തൊടുപുഴ നഗരസഭയിൽ കേവലം ഒരു കൗണ്‍സിലർ മാത്രമുള്ള ജോസഫ് വിഭാഗത്തിന് വൈസ് ചെയർമാൻ സ്ഥാനം നിലനിന്നുപോകുന്നത് ഞങ്ങൾക്കുള്ള രണ്ട് അംഗങ്ങളുടെ പിന്തുണയിലാണ്.
ഇടുക്കി ജില്ലാ പഞ്ചായത്തിലും ഇത്തരത്തിൽ പിന്തുണ നൽകിയിട്ടുണ്ട്. നിലപാടുകളിൽ വ്യക്തിത്വവും ആദർശവും അടിയറവു പറയാൻ ഞങ്ങളെ കിട്ടില്ല. നിലവിലെ തീരുമാനം നന്നായി ആലോചിച്ചുതന്നെ എടുത്തതാണ്.