അഗളി: അട്ടപ്പാടിയിലെ കർഷക കുടുംബത്തിൽ ജനിച്ച ജോസഫ് ഫ്രാൻസിസ് യുഎസ് പ്രസിഡന്റിന്റെ ഉപദേശകസമിതിയിൽ നിയമിതനായി. റിപ്പബ്ലിക്കൻ പാർട്ടി ദേശീയ സമിതിയുടെ പ്രസിഡൻഷൽ അഡ്വൈസറി ബോർഡിലേക്കാണു നിയമനം. പ്രസിഡന്റിന്റെ കൈയൊപ്പു പതിച്ച കാർഡ് ജോസഫ് ഫ്രാൻസിസിനു ലഭിച്ചു.
പാലാ മരങ്ങാട്ടുപിള്ളി കുളത്തിങ്കൽ ഫ്രാൻസിസ്- അന്നക്കുട്ടി ദന്പതികളുടെ മകനാണ്. കാർഷികവൃത്തിയിൽ വ്യാപൃതനായിരുന്ന ഇദ്ദേഹം കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ നഴ്സായി ജോലിനോക്കിയിരുന്നു. ഒഡിഷ ബർഹാംപൂർ സ്വദേശിയും നഴ്സുമായ സൂസൻ മിഷേൽ ആണ് ഭാര്യ. ഇരുവരും മെരിലാൻഡിലാണ് താമസം. ഓട്ടിസം ബാധിതരായ കുട്ടികളുടെ ആശുപത്രിയിൽ കൗണ്സിലറാണു ജോസഫ് ഫ്രാൻസിസ്.
ട്രംപിന്റെ സ്ഥാനാരോഹണ പ്രഖ്യാപന ചടങ്ങിൽ വോളന്റിയറും സ്ഥാനാരോഹണ വേളയിൽ ക്ഷണിക്കപ്പെട്ട അതിഥിയുമായിരുന്നു ഇദ്ദേഹം. 2016 മുതൽ റിപ്പബ്ലിക്കൻ പാർട്ടി ദേശീയസമിതിയുടെ ഗോൾഡ് കാർഡുള്ള ചാർട്ടർ മെംബറാണ്. പാർട്ടി അംഗങ്ങളിൽ മൂന്നു ശതമാനംപേർ മാത്രമാണു ഗോൾഡ് കാർഡ് ചാർട്ടർ മെംബർമാരാകുന്നത്.