തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി നല്‍കാനെത്തിയ സ്ത്രീയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈൻ.
യുവതിയോട് “അനുഭവിച്ചോളു’ എന്ന് പറഞ്ഞത് മോശം അർഥത്തിലല്ല. പോലീസിൽ പരാതിപ്പെടേണ്ട കേസാണിതെന്ന് ഉന്നയിക്കാനാണ് ശ്രമിച്ചതെന്നും അധ്യക്ഷ വ്യക്തമാക്കി.
സ്വകാര്യ ചാനലിന്റെ ഫോണ്‍ ഇന്‍ പരിപാടിയുടെ ഭാഗമായ ഹെൽപ് ഡെസ്ക് എന്നതിൽ പങ്കെടുക്കവെ നടത്തിയ പരാമർശമാണ് വിവാദമായത്.
എല്ലായിടത്തും വനിതാ കമ്മീഷനു പെട്ടെന്ന് ഓടിയെത്താനാവില്ല. തികഞ്ഞ ആത്മാർഥതയോടെയാണ് പോലീസിൽ പരാതിപ്പെടാൻ ആവശ്യപ്പെട്ടതെന്നും ജോസഫൈൻ മാധ്യമങ്ങളോട് വിശദമാക്കി.
ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും അത്രത്തോളം സ്ത്രീകൾ വിളിച്ചു പരാതി പറയുന്നു. ഇതുൾപ്പെടെ പലവിധ മാനസിക സമ്മർദ്ദങ്ങളിലൂടെയാണ് ഞങ്ങൾ പോകുന്നത്.
എല്ലാ സ്ത്രീകളും ഒരുപോലെയല്ല പരാതി പറയാൻ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തിൽ സംസാരിക്കേണ്ടി വരാറുണ്ടെന്നും ജോസഫൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
എറണാകുളത്ത് നിന്നുമായിരുന്നു ആ സ്ത്രീ പരിപാടിയിലേക്ക് വിളിച്ചത്. 2014ലാണ് വിവാഹം കഴിഞ്ഞതെന്നും ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു പരാതി.
തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന് പിന്നീട് പോലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും യുവതി അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.
ഭര്‍തൃപീഡനത്തിന് ഇരയായ ആളോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഹാഷ്ടാഗുകളുമായി ക്യാമ്പയിനും ആളുകൾ തുടങ്ങിയിരുന്നു.