പ്രത്യേക ലേഖകൻ
തൃശൂർ: കേരള കോണ്ഗ്രസ് വിഷയത്തിൽ ഇന്നലെ അർധരാത്രിവരെ തൃശൂരിൽ ചർച്ച. പി.ജെ. ജോസഫിനെ യുഡിഎഫിൽ നിലനിർത്തുമെന്നു കോണ്ഗ്രസ് നേതാക്കളുടെ വാഗ്ദാനം. പ്രശ്ന പരിഹാരം തേടി പി.ജെ. ജോസഫും മോൻസും ഇന്നലെ തൃശൂരിലെത്തി കോണ്ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായാണ് ചർച്ച നടത്തിയത്. രാമനിലയത്തിലുണ്ടായിരുന്ന രാഹുൽഗാന്ധിയെ കാണാൻ ജോസഫ് ശ്രമിച്ചെങ്കിലും രാഹുൽ വിശ്രമത്തിലായതിനാൽ അവസരമുണ്ടായില്ല. രാമനിലയത്തിൽ ഉണ്ടായിരുന്ന കോണ്ഗ്രസ് നേതാക്കൾ തൃശൂരിലെ ഒരു യുവനേതാവിന്റെ വസതിയിൽ എത്തിയാണു കൂടിക്കാഴ്ച നടത്തിയത്.
രാത്രി പത്തോടെ നേതാക്കൾ ആരംഭിച്ച ചർച്ച അർധരാത്രിയോളം നീണ്ടു. ലോക്സഭാ സീറ്റിന്റെ പേരിൽ കെ.എം. മാണിയുമായി പിണങ്ങിപ്പിരിയുകയാണെന്ന് ജോസഫ് ആവർത്തിച്ചെന്നാണു വിവരം. യുഡിഎഫിൽ പ്രത്യേക ഘടകകക്ഷിയായി നിലനിർത്തണമെന്ന് കോണ്ഗ്രസ് നേതാക്കളോട് വീണ്ടും ആവശ്യപ്പെട്ടു. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും മാണിയുമായി ചർച്ച നടത്തുമെന്നും കോണ്ഗ്രസ് നേതാക്കൾ വാക്കു നൽകിയാണു കൂടിക്കാഴ്ച അവസാനിപ്പിച്ചത്.