സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അമൃത വർഷമായി മാറിയ ജീവിതത്തിന്റെ ഉടമയാണ് ജോസഫ് കുഞ്ഞ് എന്ന് നാട്ടുകാർ വിളിക്കുന്ന പോത്താനിക്കാട് കൂറ്റപ്പിള്ളിൽ ജോസഫ്.
അനേകർക്ക് കാരുണ്യത്തിന്റെ തൂവൽ സ്പർശമായി തീർന്ന ജീവിതമാണ് ഇദ്ദേഹത്തിന്റേത്.
നിർധന യുവതികളുടെ വിവാഹം, ഭവനരഹിതർക്ക് പാർപ്പിടം, ശാലോം പാലീയേറ്റീവ് കെയർ തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ചരിത്രാധ്യാപകനും പ്രവാസിയുമായിരുന്ന ഇദ്ദേഹം മനുഷ്യമനസിൽ അംഗീകാരത്തിന്റെ നേടി.
പോത്താനിക്കാട് ബസ് സ്റ്റാന്ഡിലുള്ള ബസ് ഷെൽട്ടർ, സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ കന്പ്യൂട്ടർ ലാബ് വികസനം, അമൃത മെഡിക്കൽ കോളജുമായി ചേർന്നുള്ള കാൻസർ ബോധവൽക്കരണ ക്യാന്പ് എന്നിങ്ങനെ കെ.ജെ.ജോസഫിന്റെ കരസ്പർശമുണ്ടാകാത്ത മേഖലകൾ ചുരുക്കം.
ആയങ്കര സെന്റ് ജോർജ് ഹൈസ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും ചെന്നൈ, എറണാകുളം മഹാരാജാസ് എന്നീ കോളജുകളിൽനിന്ന് ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം കൂടുതലും വിദേശത്തായിരുന്നു.
അശരണർക്ക് കൈത്താങ്ങായി സേവനത്തിന്റെ പാതയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ 1972 മുതൽ മൂന്നു വർഷം അഫ്ഗാനിസ്ഥാനിലും തുടർന്ന് 15 വർഷം ഓസ്ട്രേലിയയിലും അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ഇതിനിടെ ജ്വാല എന്ന പേരിൽ ഓസ്ട്രേലിയയിൽ പ്രവർത്തനം ആരംഭിച്ച ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരിയായി. സൊസൈറ്റിയുടെ കീഴിൽ ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ജോസഫ് നേതൃത്വം നൽകി.
ജന്മനാടായ പോത്താനിക്കാട് പിതൃസ്വത്തായി ലഭിച്ച ഒരേക്കർ സ്ഥലത്ത് കാൻസർ രോഗികൾക്കായി അഭയ കേന്ദ്രം നിർമിച്ച് ബഥനി സന്യാസിനി സഭയക്ക് കൈമാറി. വീടുകളിൽ എത്തി രോഗികളെ സന്ദർശിക്കുക, കിടപ്പിലായവരെ സ്ഥാപനങ്ങളിൽ എത്തിച്ചു പരിചരിക്കുക തുടങ്ങിയവയാണ് അഭയ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ.
ഭിന്നശേഷിക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള സ്വയം തൊഴിൽ പരിശീലനവും ഇവിടെ നൽകുന്നുണ്ട്.
2012ലാണ് പ്രവാസ ജീവിതം അവസാനിപ്പിച്ച് കെ.ജെ.ജോസഫ് നാട്ടിലെത്തിയത്. തുടർന്നാണ് കൂറ്റപ്പിള്ളിൽ കെ.ജെ. ജോസഫ് ചാരിറ്റബിൾ ഫൗണ്ടേഷന് തുടക്കം കുറിച്ചത്.
രോഗികൾക്ക് ചികിത്സാ സഹായം നൽകിയും അവരെ പരിചരിച്ചും ജോസഫും ഭാര്യ മേരിക്കുട്ടിയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി.
1938ൽ കൂറ്റപ്പള്ളിൽ ഔസേപ്പിന്റെയും ഏലിയാമ്മയുടെയും മകനായാണ് കെ.ജെ. ജോസഫിന്റെ ജനനം. ചരിത്രാധ്യാപകനായി ജോലി ചെയ്യവേയാണ് ഇദ്ദേഹത്തിന്റെ ജീവിതം വഴിത്തിരിവിലെത്തിയത്.
1972ൽ അഫ്ഗാനിസ്ഥാനിലേ കാബൂൾ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിട്ടായിരുന്നു നിയമനം. തുടർന്ന് 1975ൽ ഓസ്ട്രേലിയയിൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
അധ്യാപികയായ ഭാര്യയ്ക്കൊപ്പം 15 വർഷം വിക്ടോറിയയിൽ ജോലി ചെയ്ത ജോസഫ് 1990 ൽ ബിസിനസ് രംഗത്തേക്ക് തിരിഞ്ഞു. ഏജ്ഡ് കെയർ ഇൻഡസ്ട്രിയിലേക്ക് മുൻപരിചയമില്ലാതിരുന്ന അദ്ദേഹം കടന്നുവന്നപ്പോൾ പലരും നെറ്റിചുളിച്ചെങ്കിലും നിശ്ചയദാർഢ്യം, കഠിനാധ്വാനം, ആത്മവിശ്വാസം എന്നിങ്ങനെയുള്ള സംരംഭകത്വ ശേഷിയിലൂടെ ഇദ്ദേഹം ഈ മേഖലയിൽ പുതിയ അധ്യായം രചിച്ചു.
വിക്ടോറിയയിലും ക്വുൻസ്ലാൻഡിലുമായി ഒട്ടേറെ ഏജ്ഡ് കെയർ സെന്ററുകൾ നടത്തിയ ജോസഫ് പിന്നീട് ജൻമനാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.
ഏറ്റവും ഒടുവിൽ തന്റെ പേരിൽ കേരളത്തിൽ ഒരു ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ വരുമാനത്തിൽനിന്ന് പാവപ്പെട്ടവർക്ക് വിദ്യാഭ്യാസം, ആതുരശുശ്രൂഷ, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ സഹായം നൽകാനുമുള്ള തീരുമാനത്തിലാണ്.
പ്രതിഫലേച്ഛ ഇല്ലാതെയാണ് ഇദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നത് എടുത്തു പറയത്തക്ക കാര്യമാണ്.
സഹധർമ്മിണി മേരിക്കുട്ടിയുടെ പിന്തുണയാണ് തന്റെ ജീവിത വിജയത്തിന്റെ അടിസ്ഥാനമെന്ന് ഇദ്ദേഹം പറയുന്നു. ജോസഫ് മേരിക്കുട്ടി ദന്പതികൾക്ക് രണ്ട് മക്കളാണുള്ളത്.
മകൻ മേജോ ജോസഫ് സൗത്ത് ഓസ്ട്രേലിയയിൽ ഫ്ളിൻഡേഴ്സ് യൂണിവഴ്സിറ്റി മെഡിക്കൽ സെന്ററിന്റെ എക്കോ കാർഡിയോഗ്രാഫ് വിഭാഗം മേധാവിയാണ്. മകൾ റാണി ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നു.
ഇദ്ദേഹത്തെ ഇന്ന് തൊടുപുഴയിൽ നടക്കുന്ന കർഷക സംഗമത്തിൽ ആദരിക്കും.