സ്വന്തം ലേഖകൻ
തൃശൂർ: എഴുപത് വർഷം മുൻപുള്ള മണലൂരിന്റെ ഹൃദയത്തിലൂടെ ഒരു അക്ഷരയാത്ര – അതാണ് ജോസഫ് ചുങ്കത്ത് എന്ന എഴുത്തുകാരന്റെ “മണലൂരിലെ മണ്ണും മനുഷ്യരും’ എന്ന നോവൽ. ഈ നോവലിൽ അടയാളപ്പെടുത്തുന്നത് ഒരു ദേശത്തിന്റെ കഥയാണ്. ഒരു തറവാടും അതിന്റെ ചുറ്റുവട്ടത്തുള്ള അയൽക്കാരും പ്രദേശവാസികളുമാണ് നോവലിന്റെ പശ്ചാത്തലം.
തൃശൂരിലെ ഉൾനാടൻ ഗ്രാമമായിരുന്ന മണലൂരിന്റെ ഇന്നത്തെ വികസനങ്ങൾക്ക് മുന്പുള്ള കാലത്തേക്കാണ് ജോസഫ് ചുങ്കത്ത് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. മാറ്റങ്ങൾക്കു മുന്പ് ഒരുഗ്രാമം എത്ര ഉൗഷ്മളതയോടെയും സഹവർത്തിത്വത്തോടെയുമാണ് കടന്നുപോയിരുന്നതെന്ന് ഇതിലെ ഓരോ അധ്യായത്തിലെയും കഥകളിലൂടെ തെളിയുന്നു.
മണലൂർ പൊറിഞ്ചു ജോസഫ് എന്ന ജോസഫ് ചുങ്കത്തിന് വായനയും എഴുത്തും ചെറുപ്പം തൊട്ടേയുണ്ടായിരുന്നു.
ജോലി തേടി പലനാടുകൾ അലയുന്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ജന്മനാടും നാടിന് വന്ന മാറ്റങ്ങളും മായാതെ കിടന്നു. പൂർവികർ പറഞ്ഞുകേട്ട അനുഭവങ്ങളും സ്വാനുഭവങ്ങളും കൂട്ടിവെച്ചപ്പോൾ അതൊരു നോവലായി. 72 അധ്യായങ്ങളുള്ള പുസ്തകത്തിലെ ഓരോ അധ്യായവും ഓരോ കഥയാണ്.
പരുക്കനായ ഹിന്ദി അദ്ധ്യാപകൻ നന്പ്യാർ മാഷ്, ഡംബൂരവും തെയ്യൻ വൈദ്യരും, നാട്ടുകാർക്ക് പ്രിയപ്പെട്ട കന്പൗണ്ടർ, അഭിമാനിയായ തോമ, മണലൂർ ഗവ ഹൈസ്കൂളിലെ വല്യേച്ചിയായ ചക്കമ്മ, ബാർബർ കൃഷ്ണൻ, പേര് പറയാത്ത മണലൂരിലെ ഒരു ജന്മി, എക്സ് എംഎൽഎ നടക്കാവുകാരൻ ഈനാശു ദേവസ്സിക്കുട്ടി ഇങ്ങനെ സമൂഹത്തിലെ പലതരം ആളുകളെ കാണാം.
കൂടാതെ വെള്ളാവുത്തൻ ദേവസ്സിച്ചേട്ടന്റെ ത്യാഗപൂർണമായ പ്രണയവും പൗലോസ് മാഷുടെയും മേരിടീച്ചറുടെയും പ്രണയവും നോവലിന് രസമേകുന്നു. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും കഥാപാത്രങ്ങളായി കടന്നു വരുന്നുണ്ട്. വിമോചനസമരവും പാട്ടവ്യവസ്ഥയും ജന്മിമാരും കമ്യൂണിസത്തിന്റെ വരവുമൊക്കെ നോവലിലുണ്ട്. പുതുതലമുറയ്ക്കറിയാത്ത തൊഴിൽ സംസ്കാരങ്ങളും പ്രതിപാദിക്കുന്നു.
എസ് കെ പൊറ്റക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥയാണ് പുസ്തകമെഴുതാൻ തനിക്ക് പ്രേരകമായതെന്ന് ജോസഫ് ചുങ്കത്ത് പറയുന്നു. എറണാകുളം വെണ്ണലയിൽ സ്ഥിരതാമസക്കാരനായ അദ്ദേഹത്തിന്റെ ഭാര്യ പരേതയായ ലില്ലി. മക്കൾ: ആഫ്രിക്കയിൽ ബിസിനസ്സുകാരനായ അനീഷ് ജോസഫ്, എറണാകുളത്ത് എഞ്ചിനീയറായ അനു ജാൻസണ്.