തളിപ്പറമ്പ്: “സംഭവിച്ചുപോയി, എഴുപതാം വയസിൽ തോന്നിയത് ഏഴു വയസുകാരന്റെ ബുദ്ധിയായി പോയി, ഇനി മക്കളുടെ ഒപ്പം പോകും’ – കുറ്റിക്കോൽ മേലുക്കുന്നേൽ ജോസഫ് തളിപ്പറന്പിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദിനപത്രങ്ങളിൽ സ്വന്തം ചരമവാർത്തയും പരസ്യവും നൽകി മുങ്ങിയശേഷം ഇന്നലെ കോട്ടയത്ത് പിടിയിലായ കുറ്റിക്കോൽ മേലുക്കുന്നേൽ ജോസഫിനെ ഇന്നു രാവിലെ തളിപ്പറന്പ് കോടതിയിൽ ഹാജരാക്കി.
തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് നികേഷ് കുമാര്‍ മുമ്പാകെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ ഹാജരാക്കിയത്. മജിസ്ട്രേറ്റ് നികേഷ് കുമാര്‍ ഇരിക്കൂറിൽ ഗ്രാമീണ കോടതിയുടെ സിറ്റിംഗിലായതിനാൽ ഇരിക്കൂറിലാണ് ജോസഫിനെ ഹാജരാക്കിയത്.
കോട്ടയത്തുനിന്ന് ജോസഫുമായി എഎസ്ഐ ജയരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ രാത്രി പതിനൊന്നരയോടെ തളിപ്പറമ്പിലെത്തി. തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലും എസ്ഐ പി.എ.ബിനുമോഹനും ജോസഫിനെ ചോദ്യം ചെയ്തു. ജോസഫിന്റെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ജോസഫിനെ കൂട്ടികൊണ്ടുപോകുവാൻ ഭാര്യയും മക്കളും തളിപ്പറന്പ് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.