ചെറുപുഴ: ചെറുപുഴയിലെ കെട്ടിട നിർമ്മാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണത്തിൽ കോൺഗ്രസ് പാർട്ടി ജോസഫിന്റെ കുടുംബത്തോടൊപ്പമാണെന്നും കുടുംബത്തിനായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി. ചെറുപുഴയിൽ നടന്ന യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ടു കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് മൂന്നു ദിവസത്തിനുള്ളിൽ ലഭിക്കും. റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞാൽ ഇതുസംബന്ധിച്ച് ഉടൻതന്നെ നപടികൾ സ്വീകരിക്കുക തന്നെ ചെയ്യും. എത്ര ഉന്നതനാണെങ്കിലും കുറ്റക്കാരനാണെന്നു കണ്ടെത്തിയാൽ നടപടിയെടുക്കും.
കോൺഗ്രസ് പ്രവർത്തകരും നേതാക്കളും അംഗങ്ങളായ ട്രസ്റ്റുകളുടെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും നിരീക്ഷിക്കാനും സംവിധാനമുണ്ടാക്കും.ജോസഫിന്റെ മരണം രാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന സിപിഎം ആന്തൂരിലെ സാജന്റെ മരണത്തിൽ സ്വീകരിച്ച നിലപാടുകൾ കേരളത്തിലെ ജനങ്ങൾ കണ്ടതാണെന്നും പാച്ചേനി ഓർമിപ്പിച്ചു.
ജോസഫിന്റെ മരണത്തിലെ ദുരൂഹതകൾ നീക്കേണ്ടതു പോലീസാണ്. സമഗ്രമായ അന്വേഷണം നടത്തേണ്ടതും പോലീസാണ്. അന്വേഷണത്തോട് കോൺഗ്രസ് പൂർണമായും സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെറുപുഴയിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലൊരാൾ സമാനമായ മറ്റൊരു സംഭവത്തിൽ ആരോപണ വിധേയനാണെന്നും ഇത് ധാർമ്മികതയ്ക്ക് നിരക്കുന്നതാണോയെന്നും പാച്ചേനി ചോദിച്ചു.
യോഗത്തിൽ ടി.വി. കുഞ്ഞമ്പു നായർ അധ്യക്ഷത വഹിച്ചു. കെ. സുരേന്ദ്രൻ, അൻസാരി തില്ലങ്കേരി, ജോസഫ് മുള്ളൻമട, ശാന്തമ്മ ഫിലിപ്പ്, രഞ്ജിത്ത് നാറാത്ത്, ജോസ് ജോർജ്, വി. കൃഷ്ണൻ മാസറ്റർ, തങ്കച്ചൻ കാവാലം, വി.പി. അബ്ദുൾ റഷീദ്, രവി പൊന്നംവയൽ, എ.ജി. മുത്തലിബ്, എൻ. അബ്ദുൾ റഹ്മാൻ, ഷാജൻ ജോസ്, വി.എം. ദാമോദരൻ നമ്പീശൻ, ജമീല കോളയത്ത് എന്നിവർ പ്രസംഗിച്ചു.