ചെറുപുഴ(കണ്ണൂർ): ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അന്വേഷണം തുടങ്ങി. പെരിങ്ങോം സിഐ എം.ഇ. രാജഗോപാലൻ, ചെറുപുഴ എസ്ഐ മഹേഷ് കെ. നായർ, എഎസ്ഐ വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും മൊഴിയെടുക്കും.ജോസഫിന്റെ മൊബൈൽ പരിശോധിച്ച് അദ്ദേഹം വിളിച്ചതും വന്നതുമായ കോളുകളുടെ വിവരങ്ങളും ശേഖരിച്ചുവരികയാണ്. ജോസഫിന്റെ മരണത്തിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പല സംഘടനകളും അന്വേഷണം കൂടുതൽ ശക്തമാക്കണമെന്നും കുറ്റവാളികളെ രക്ഷപെടാൻ അനുവദിക്കരുതെന്നുമാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾക്ക് ഒരുങ്ങുകയാണ്.
ചെറുപുഴയിലെ ചില കോൺഗ്രസ് നേതാക്കൾക്കെതിരേ ആരോപണമുയർന്ന സാഹചര്യത്തിൽ ഡിസിസി നേതൃത്വം തന്നെ പ്രതികരണവുമായി എത്തിയിരുന്നു. ജോസഫിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ജോസഫിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം പറഞ്ഞിരുന്നു.