ചെറുപുഴ(കണ്ണൂർ): ചെറുപുഴയിലെ കരാറുകാരന് മുതുപാറക്കുന്നേല് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കെ. കരുണാകരന് സ്മാരക ട്രസ്റ്റ് ഭാരവാഹികളും ചെറുപുഴ ഡവലപ്പേഴ്സ് ഡയറക്ടര്മാരുമായ എട്ടു പേരെ തളിപ്പറമ്പ് ഡിവൈഎസ്പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില് ഇന്നലെ ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിൽ ജോസഫിന് 65 ലക്ഷം രൂപ മാത്രമേ ഇവര് നല്കാനുള്ളൂ എന്ന് ബോധ്യപ്പെട്ടതായി പോലീസ് വെളിപ്പെടുത്തി.
കൂടുതല് ചോദ്യം ചെയ്യുന്നതിനായി 20ന് വീണ്ടും അന്വേഷണ ഉദ്യോഗസ്ഥര്ക്ക് മുന്നില് ഹാജരാകാന് ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണം എത്രയും പെട്ടെന്ന് പൂര്ത്തിയാക്കാനാണ് പോലിസിന്റെ നീക്കം. ട്രസ്റ്റ് ചെയര്മാനും കെപിസിസി മുന്നിര്വാഹക സമിതി അംഗവുമായ കെ. കുഞ്ഞിക്കൃഷ്ണന് നായര്, സെക്രട്ടറിയും മുന് ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്, മുസ്ലിം ലീഗ് നേതാവ് ടി.വി. അബ്ദുള് സലീം, കെ.കെ. സുരേഷ് കുമാര്, പി.എസ്. സോമന്, സി.ഡി. സ്കറിയ, ജെ. സെബാസ്റ്റ്യന് എന്നിവരെയാണ് അന്വേഷണ ഉദ്യോഗസ്ഥരായ പെരിങ്ങോം സിഐ വി. രാജഗോപാല്, എസ്ഐ മഹേഷ് കെ. നായര് എഎസ്ഐ സി. തമ്പാന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്.
ജോസഫിന്റെ കുടുംബത്തിന് ചെറുപുഴ ഡെവലപ്പേഴ്സ് നൽകാനുള്ള പണത്തിന്റെ ആദ്യ ഗഡു ലഭിച്ചതായി ജോസഫിന്റെ സഹോദരൻ മാർട്ടിൻ രാഷ്ട്രദീപികയോട് പറഞ്ഞു. ഈ മാസം 19 ന് തിയതിയിട്ട ചെക്കാണ് നൽകിയതെന്ന് മാർട്ടിൻ പറഞ്ഞു. ട്രസ്റ്റുമായി ബന്ധപ്പെട്ട് കൊടുക്കാനുള്ള മുഴുവൻ തുകയും കെപിസിസി നൽകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. ഇക്കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഡിസിസി പ്രസിഡന്റിന് നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ആദ്യ ഗഡു നൽകിയെന്നും കുടുംബത്തെ സഹായിക്കുന്നതിന് കൂടുതൽ കാര്യങ്ങൾ സംബന്ധിച്ച് തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കുകയാണെന്നും നാളെ കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ അഞ്ചിന് രാവിലെ പത്തോടെയാണ് ചെറുപുഴയിലെ നിര്മാണ കരാറുകാരന് ജോസഫ് ചെറുപുഴയിലെ സിയാദ് ടവറിന് മുകളില് മരിച്ച നിലയില് കാണപ്പെട്ടത്.