ചെറുപുഴ: ചെറുപുഴയിലെ കെട്ടിട നിർമാണ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണം സംബന്ധിച്ച കേസിൽ പോലീസ് നിയമോപദേശം തേടുന്നു. ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾവച്ച് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാൽ നിലനിൽക്കുമോയെന്നാണ് പരിശോധിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടറോടാണ് നിയമോപദേശം തേടിയിട്ടുള്ളത്.
ജോസഫിന്റെ മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച സാഹചര്യത്തിൽ ആത്മഹത്യ പ്രേരണാക്കുറ്റം നിലനിൽക്കുമോയെന്നാണു പോലീസ് പരിശോധിക്കുന്നത്. നിയമോപദേശം തേടിയ ശേഷമായിരിക്കും അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുക.ജോസഫിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് കുടുംബാംഗങ്ങൾ പരാതി നൽകിയിരുന്നു. എന്നാൽ, മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘമുള്ളത്.
ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത പരിയാരം മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ളയുടെ മൊഴിയെടുത്തതിനുശേഷമാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. കുടുംബാംഗങ്ങളും സർജനുമായി സംസാരിച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളാണ് ഡോ.ഗോപാലകൃഷ്ണപിള്ള പോലീസിന് കൈമാറിയതെന്നറിയുന്നു.
ജോസഫിന്റെ ഇരു കൈത്തണ്ടയിലുമുള്ള മുറിവുകൾ പരിശോധിച്ചതിൽ ഇടതുകൈയിലെ മുറിവാണ് ആഴത്തിലുള്ളത്. ഇരുകൈകളിലും ബ്ലേഡ് ഉപയോഗിച്ചുണ്ടാക്കിയ നേരിയ മുറിപ്പാടുകളും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നത്. പിടിവലിയുടെയോ ബലപ്രയോഗത്തിന്റെയോ ലക്ഷണങ്ങൾ കാണാനില്ല. ജോസഫ് ധരിച്ചിരുന്ന വസ്ത്രങ്ങൾ ചുളുങ്ങിയിട്ടില്ല. ഷർട്ട് യഥാസ്ഥാനത്തുണ്ട്.
മുണ്ട് മടക്കിക്കുത്തിയ നിലയിൽത്തന്നെയാണുള്ളത്. ബലപ്രയോഗമുണ്ടായാൽ പുറമെ കാണാനില്ലെങ്കിലും ഉള്ളിൽ ചതവോ മുറിവോ ഉണ്ടാകും. ഫോറൻസിക് സംഘം, വിരലടയാള വിദഗ്ധർ തുടങ്ങിയവരുടെ പരിശോധനാഫലങ്ങളിലും കൊലപാതകത്തിലേക്ക് നയിക്കുന്നതായി ഒന്നുമില്ലെന്നാണു പോലീസ് പറയുന്നത്.