റെനീഷ് മാത്യു
കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിക്ക് കെപിസിസിക്ക് ശിപാർശ. കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെപിസിസിയുടെ റിപ്പോർട്ട് ഉടൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറും.
ട്രസ്റ്റ് ചെയർമാനും കെപിസിസി മുൻ നിർവാഹക സമിതി അംഗവുമായ കെ. കുഞ്ഞികൃഷ്ണൻ നായർ, സെക്രട്ടറിയും മുൻ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റുമായ റോഷി ജോസ്, ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായിരുന്ന കെ.കെ. സുരേഷ് കുമാർ, ഈസ്റ്റ് എളേരിയിലെ കോൺഗ്രസ് നേതാവ് ടോമി പ്ലാച്ചേരി തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിര നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളത്.
രണ്ടു ഘട്ടങ്ങളിലായാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ നേതാക്കൾക്കെതിരെയുള്ള അച്ചടക്ക നടപടിക്കുള്ള റിപ്പോർട്ടാണ് സമർപ്പിക്കുക. രണ്ടാം ഘട്ടത്തിൽ ട്രസ്റ്റുമായി ബന്ധപ്പെട്ട കെപിസിസി നടത്തിയ അന്വേഷണവുമാണ് സമർപ്പിക്കുന്നത്.
ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ് അന്വേഷണം നടത്താൻ മൂന്നംഗ സംഘത്തെ നിയോഗിച്ചത്. കോൺഗ്രസ് നേതാക്കളായ ടി.സിദിഖ്, എ.പി. അനിൽ കുമാർ, വി.എ. നാരായണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ടി.സിദിഖ് ഇപ്പോൾ വിദേശത്താണുള്ളത്. സിദിഖ് തിരികെ എത്തിയാൽ ഉടൻ റിപ്പോർട്ട് സമർപ്പിക്കും.