കണ്ണൂർ: ചെറുപുഴയിലെ കരാറുകാരൻ ജോസഫിന്റെ കുടുംബത്തിന് പുതിയ ഫ്ലാറ്റും ഭാര്യക്ക് ജോലിയും മകന്റെ ചികിത്സക്ക് 10 ലക്ഷം രൂപയും നല്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ പറഞ്ഞു. ജോസഫിന്റെ കുടുംബത്തിന് നീതി കിട്ടുന്നതിനാവശ്യമായ എല്ലാ നടപടിക്രമങ്ങളും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.
സാമ്പത്തിക ബാധ്യത പൂർണമായും പരിഹരിക്കാൻ ധാരണയായി. അത് യാഥാർഥ്യമാക്കുന്നതിന് വേണ്ടി ഒരു ചെറിയ സമയം മാത്രമേ ഇനി കാലതാമസമുള്ളൂ. കുടുംബത്തിന് ഒന്നാം ഗഡുവായി 60 ലക്ഷം രൂപയുടെ ചെക്ക് കൈമാറിക്കഴിഞ്ഞു.ചെറുപുഴയിലെ കോൺഗ്രസ് പാര്ട്ടി ഭാരവാഹികള് കൂടി അംഗങ്ങളായ പാട്ണർഷിപ്പ് സ്ഥാപനമായചെറുപുഴ ഡവലപ്പേഴ്സ് ജോസഫിന് നല്കാനുള്ള സാമ്പത്തികമായ ബാധ്യതകളെ കുറിച്ചുള്ള കുടുംബക്കാരുടെ അഭിപ്രായത്തിനനുസരിച്ചുള്ള തുക തീർച്ചപ്പെടുത്തിയിട്ടുണ്ട്.
അത് ഉടൻ തന്നെ പൂർണമായും കുടുംബത്തിന് നല്കും. ജോസഫിന്റെ വിയോഗം മൂലം ഭാര്യയുടെയും മക്കളുടെയും സംരക്ഷണത്തിനും മെച്ചപ്പെട്ട താമസ സൗകര്യത്തിനും ആവശ്യമായ കാര്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. കുടുംബത്തിനുള്ള ഫ്ലാറ്റ് കഴിഞ്ഞ ദിവസം രജിസ്ട്രേഷൻ ചെയ്ത് കൊടുത്തു.
അസുഖബാധിതനായ ജോസഫിന്റെ ഇളയ മകന്റെ ചികിത്സയ്ക്ക് വേണ്ടി ഡിസിസിയും കെപിസിസിയും 5 ലക്ഷം രൂപ വീതം 10 ലക്ഷം രൂപയും ഉടൻ തന്നെ കുടുംബത്തിന് കൈമാറും. ജോസഫേട്ടന്റെ ഭാര്യക്ക് നല്ല നിലയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ആശുപത്രിയിൽ ജോലിയും നല്കുന്നതിന് വേണ്ടി തീരുമാനമെടുത്തിട്ടുണ്ട്.
അവിചാരിതമായ ജോസഫേട്ടന്റെ വിയോഗം സൃഷ്ടിച്ച തീരാദുഃഖത്തിൽ കുടുംബത്തിന്റെ കൂടെ നിന്ന് കണ്ണീരൊപ്പാനും സാന്ത്വനമായി മാറാനും ജില്ലയിലെ കോൺഗ്രസ് പാർട്ടിക്ക് സാധിച്ചു എന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി പത്രസമ്മേളനത്തിൽ പറഞ്ഞു.ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, കെപിസിസി നിർവ്വാഹക സമിതി അംഗം എം.പി മുരളിയും പത്രസമ്മേളനത്തിൽ പങ്കെടുത്തു.