ബിജു ഇത്തിത്തറ
കടുത്തുരുത്തി: കോവിഡ് കാലത്ത് ആര്‍ക്കും മറക്കാനാവില്ല ജോസഫ് ഈഴാറാത്തച്ചന്റെ ഈ നന്മ.
തന്റെ സ്വന്തം കാര്‍ ഉടമസ്ഥാവകാശം ഉള്‍പ്പെടെ പൂര്‍ണമായും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്തിനായി വിട്ടു നല്‍കിയാണ് ഈഴാറാത്തച്ചന് മാതൃകയായത്.
കോതനല്ലൂര്‍ തുവാനിസ ധ്യാന കേന്ദ്രം ഡയറക്ടറും സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ചര്‍ച്ച് വികാരിയുമാണ്.മാഞ്ഞൂര്‍ പഞ്ചായത്തിലെ കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രിയിലും വീടുകളിലും എത്തിക്കുന്നതിനാണ് ഇദേഹം തന്റെ വാഹനം നല്‍കിയത്.
കോവിഡ് കാലം കഴിഞ്ഞാലും പഞ്ചായത്തിലെ മറ്റു രോഗികളെ പ്രത്യേകിച്ചു കാന്‍സര്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ തന്റെ വാഹനം ഉപയോഗപ്പെടുത്തണമെന്ന് ഈഴാറാത്തച്ചന് പഞ്ചായത്ത് അധികൃതര്‍ക്ക് എഴുതി നല്കിയ രേഖയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പത്ത് ലക്ഷം രൂപയോളം വില വരുന്ന വാഹനമാണ് പഞ്ചായത്തിന് കൈമാറിയത്.കോവിഡ് കാലത്ത് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടാതെ ആരും ബുദ്ധിമുട്ടരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു പുണ്യപ്രവര്‍ത്തിക്കു അദേഹത്തെ പ്രേരിപ്പിച്ചത്.
കൂടാതെ തന്റെ രണ്ട് മാസത്തെ വേതനവും അച്ചന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.പള്ളിയങ്കണത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ചു നടന്ന ചടങ്ങില്‍ വാഹനത്തിന്റെ താക്കോലും രജിസ്ട്രേഷന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലേക്ക് മാറ്റുന്നതിനുള്ള രേഖകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണവും വി.എന്‍. വാസവന് എംഎല്‍എ, തോമസ് ചാഴികാടന് എംപി, മോന്‍സ് ജോസഫ് എംഎല്‍എ എന്നിവര്‍ക്ക് ഫാ.ജോസഫ് ഈഴാറാത്ത് കൈമാറി.
ചടങ്ങില്‍ മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രന്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍, അഭയം ഏരിയാ ചെയര്മാന് കെ ജി രമേശന്, സുനു ജോര്‍ജ്, ലൂക്കോസ് മാക്കീല്‍, എന്‍.എസ്. രാജു, ടി.ടി. ഔസേഫ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.