കൊടുങ്ങല്ലൂർ: കോവിഡ് കാലത്തെ ലോക്ഡൗൺ മൂലം തൊഴിൽരഹിതരായി ദുരിതം പേറുന്ന സാധാരണക്കാരെ സഹായിക്കാൻ കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ ആരംഭിച്ച ജോസഫിന്റെ കടയിൽ തിരക്കൊഴിയുന്നില്ല.
കാരണം വില വിവരപ്പട്ടികയിൽ സീറൊ എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ദേവാലയത്തോടനുബന്ധിച്ചുള്ള മദർ തെരേസ ഹാളിലാണു ജോസഫിന്റെ കട പ്രവർത്തിക്കുന്നത്.
ഇവിടെ സൗജന്യ അരിയും പച്ചക്കറിയും ശേഖരിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തുന്നത്.
കഴിഞ്ഞ ശനിയാഴ്ചയാണ് നാനാ ജാതി മതസ്ഥാർക്കായി പച്ചക്കറികളും ചക്ക, തേങ്ങ, കപ്പ ഉൾപ്പെടെയുള്ള ഭക്ഷണ കിറ്റ് വിതരണവും ആരംഭിച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ കിറ്റ് വിതരണത്തിൽ ആദ്യ ദിവസം തന്നെ ആയിരത്തിൽപരം ആളുകളാണ് കിറ്റു വാങ്ങാൻ എത്തിയത്.
വെള്ള പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി നാട്ടിൽ പട്ടിണിക്കാരെ സഹായിക്കാൻ പള്ളിയിൽ അരിപ്പെട്ടി തുടങ്ങിയിരുന്നു. ആർക്കും ഒരു ദിവസത്തെ ഭക്ഷണത്തിനായുള്ള അരി സ്വയം എടുത്തു കൊണ്ടുപോകാൻ അനുമതി നൽകിയിരുന്നു.
ഇറ്റലിയിൽ പ്ലേഗ് പടർന്ന് പിടിച്ചപ്പോൾ അന്ന് ജനങ്ങൾക്ക് സഹായമായി ജോസഫിന്റെ കട തുറന്നിരുന്നു. ഈ ആശയം ഉൾക്കൊണ്ടാണ് കത്തീഡ്രൽ വികാരിയായ ഫാ. അംബ്രോസ് പുത്തൻവീട്ടിൽ മുൻകൈയെടുത്ത് ജോസഫിന്റെ കട തുറക്കാൻ തീരുമാനിച്ചത്.
കട തുറന്നതോടെ ഉദാരമതികളായ പലരും സഹായവുമായി എത്തി. പ്രദേശത്തെ കാർഷികമേഖലകളിൽ ഉള്ളവരും സൗജന്യമായി ജോസഫിന്റെ കടയിലേക്ക് കാർഷിക വിഭവങ്ങൾ നൽകാൻ തയാറായി.
സാധാരണക്കാർക്കു സഹായമെത്തിക്കാൻ ജോസഫിന്റെ കട അടയ്ക്കാതെ തുടർന്നു പോകണമെന്ന നിലപാടിലാണ് ഫാ. അംബ്രോസ് പുത്തൻ വീട്ടിലും സഹവർത്തകരും.