എം. പദ്മകുമാർ- ജോജൂ ജോർജ് കൂട്ടുകെട്ടിലൊരുങ്ങിയ “ജോസഫ്’ വളരെ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ തുടരുകയാണ്. മരണാനന്തര അവയവദാനത്തെ കുറിച്ചാണ് സിനിമ പറയുന്നത്. ഇപ്പോഴിത സിനിമയ്ക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സെക്രട്ടറി ഡോ. സുൽഫി നൂഹ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
സമൂഹത്തിന് തെറ്റായ സന്ദേശമാണ് ചിത്രം നൽകുന്നതെന്നാണ് നൂഹ് ഫേസ്ബുക്കിൽ പങ്കുവച്ച് അഭിപ്രായത്തിൽ പറയുന്നത്. “ജോസഫ് സിനിമ കണ്ടു. ഇത് കൊടും ക്രൂരതയാണ്. അവയവദാനത്തിലൂടെ പുതുജീവൻ പ്രതീക്ഷിച്ച് കഴിയുന്ന പതിനായിരക്കണക്കിന് നിത്യരോഗികളേയും അവരുടെ കുടുംബങ്ങളേയും വെട്ടിനുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്രൂരത. ആവിഷ്കാര സ്വാതന്ത്ര്യം നോലിസ്റ്റിനും, സംവിധായകനും, കഥാകൃത്തിനും, എനിക്കും, നിങ്ങൾക്കും ഒരു പോലെയാണെണ്’
അശാസ്ത്രിയത മുഴച്ചു നിൽക്കുന്ന ഒരു തട്ടിപ്പ് സിനിമയെന്നാണ് ജോസഫിന് നൂഹ് നൽകുന്ന വിശേഷണം. മാത്രമല്ല, യാതൊരു അർഥവും സമൂഹത്തിന് നൽകുന്നില്ലാത്ത സിനിമയേക്കാൾ എത്രയോ ഭേദമാണ് 500 വെടിയുണ്ടകൾ ഒറ്റയ്ക്ക് തട്ടിക്കളയുന്ന രജനീകാന്തെന്നും ഇദ്ദേഹം ചോദിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങൾക്കെല്ലാം സംവിധായകൻ എം. പദ്മകുമാറും മറുപടി നൽകിയിരുന്നു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ജോസഫ്. അവയദാന രംഗത്ത് തെറ്റായ പ്രവണതകളുണ്ട്. ഏതെങ്കിലും ആശുപത്രിക്കെതിരെയോ ഡോക്ടർമാർക്കെതിരെയോ അല്ല സിനിമ. സിനിമയെന്ന നിലയിൽ പ്രമേയത്തിന് അതിഭാവുകത്വം ഉണ്ടാകാമെന്നും സംവിധായകൻ വ്യക്തമാക്കുന്നു.