ചെറുപുഴ: ചെറുപുഴയിലെ കെട്ടിട നിർമാണകരാറുകാരൻ ചൂരപ്പടവിലെ മുതുപാറക്കുന്നേൽ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പോലീസ് ഊർജിതമാക്കി. ജോസഫിന് പണം കടംകൊടുത്തുവെന്ന് പറയപ്പെടുന്നവരിൽ ചിലരെ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്. ഇവരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് അറിയുന്നത്. മരണവുമായി ഈ ഇടപാടുകൾക്ക് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.
ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് ചെറുപുഴ ഡെവലപ്പേഴ്സ് ഭാരവാഹികളെ നാളെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് ഇവർക്ക് ഇന്നലെ നോട്ടീസ് നൽകി. ഭാരവാഹികളായ കെ. കുഞ്ഞികൃഷ്ണൻ നായർ, റോഷി ജോസ്, കെ.കെ. സുരേഷ് കുമാർ, ടോമി പ്ലാച്ചേരി, ടി.വി. അബ്ദുൾ സലീം, പി.എസ്. സോമൻ, സി.ഡി. സ്കറിയ, ജെ. സെബാസ്റ്റ്യൻ എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നാളെ രാവിലെ 10 ന് ചെറുപുഴ പോലീസ് സ്റ്റേഷനിൽ എത്താനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.