കട്ടപ്പന: “സത്യം തെളിയട്ടെ, കുറ്റക്കാർ ശിക്ഷിക്കപ്പെടണം’’ കൂടത്തായി കൊലപാതക പരന്പരയിൽ അറസ്റ്റിലായ ജോളിയുടെ പിതാവ് ജോസഫ് പറഞ്ഞു. “രണ്ടാഴ്ച മുന്പും ജോളി കട്ടപ്പനയിലെ വീട്ടിൽ വന്നിരുന്നു. ഇന്നലെ വാർത്ത കാണുന്പോഴാണ് വിവരങ്ങൾ അറിയുന്നത്.
ജോളിയെക്കുറിച്ചോ മറ്റുള്ളവരുടെ മരണങ്ങളിലോ ഒരു സംശയവും ഉണ്ടായിരുന്നില്ല. റോയി മരിച്ചതിനു ശേഷം സ്വത്ത് ഭാഗിക്കുന്നതുമായി ബന്ധപ്പെട്ട് അനുജൻ റോജോയുമായി തർക്കം ഉണ്ടായിരുന്നതായി ജോളി പറഞ്ഞിട്ടുണ്ട്. അതു പരിഹരിക്കപ്പെട്ടിരുന്നില്ല.
ജോളിക്കു സാന്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. മക്കളുടെ പഠനത്തിനെല്ലാം സഹായം നൽകിയിരുന്നതു ഞങ്ങളാണ്. ഷാജുവുമായുള്ള വിവാഹത്തിനു താത്പര്യമെടുത്തതു ജോളി തന്നെ ആയിരുന്നു’’. – ജോസഫ് പറഞ്ഞു. കട്ടപ്പന വലിയകണ്ടെത്ത് ഇൻഫെന്റ് ജീസസ് സ്കൂളിനു സമീപമുള്ള വീട്ടിൽ വിശ്രമ ജീവിതത്തിലാണ് ജോസഫ്.
നാലു വർഷം മുന്പാണ് ഇടുക്കി വാഴവരയിലുള്ള കുടുംബ സ്വത്ത് വിറ്റ് കട്ടപ്പനയിലേക്കു താമസം മാറിയത്. വാഴവരയിൽ റേഷൻകടയുമായി സാന്പത്തികമായി നല്ല നിലയിലായിരുന്നു. ഇളയമകനു കട്ടപ്പനയിൽ ബിസിനസാണ്. കട്ടപ്പനയിൽ രണ്ടുനില വീടു വിലയ്ക്കു വാങ്ങിയാണു താമസം മാറിയത്. ജോസഫിന്റെ ആറു മക്കളിൽ അഞ്ചാമത്തെയാളാണ് ജോളി. മൂന്ന് ആണ്മക്കളും മൂന്നു പെണ്മക്കളുമാണ്.