കാഞ്ഞങ്ങാട്: ജീവിതത്തിലെ വേഷങ്ങളഴിച്ചുവച്ച് മണ്ണിലേക്ക് മടങ്ങുമ്പോഴേക്കും ഒരു മനുഷ്യന് തുടങ്ങിവച്ച സ്വപ്നങ്ങള്‍ സമൂഹവും ഭരണകൂടവും ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അതൊരു ജന്മസാഫല്യമാണ്.
വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 92-ാം വയസില്‍ വിടവാങ്ങിയ ജോസഫ് കനകമൊട്ടയെന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കഴിഞ്ഞവര്‍ഷം ഈ സമയത്ത് പ്രവൃത്തികള്‍ നടന്നുകൊണ്ടിരുന്ന മലയോരഹൈവേയിലൂടെ കടന്നുപോകുമ്പോള്‍ എല്ലാവരും മനസുകൊണ്ട് കൈകൂപ്പിനില്ക്കുകയായിരുന്നു.
കാരണം ആ മനുഷ്യന് ഒറ്റയ്ക്ക് ആദ്യമായി കണ്ട സ്വപ്നമായിരുന്നു ഈ പാത.മലയോരഹൈവേയുടെ ആദ്യറീച്ചുകള് ഇപ്പോള്‍ പൂര്‍ത്തീകരണഘട്ടത്തിലാണ്. മറ്റിടങ്ങളിലും ദ്രുതഗതിയില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
ഇനി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്ക് നന്ദാരപ്പദവ് മുതല്‍ തെക്ക് കടുക്കര വരെ മലയോരത്തിന്റെ രാജപാത പൂര്ണരൂപത്തിലാകുമ്പോഴും അതിന്റെ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയുടെ പേര് കാലവും ചരിത്രവും എന്നും ഓര്‍ത്തുവയ്ക്കും.
1960 കളില്‍ മലയോര വികസന സമിതി രൂപീകരിച്ചാണ് ജോസഫ് കനകമൊട്ട സര്‍ക്കാര്‍ ജോലിക്കൊപ്പം സജീവമായ സാമൂഹ്യപ്രവര്ത്തനരംഗത്തിറങ്ങിയത്.
മലബാറിലെ കുടിയേറ്റമേഖലകളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ അനുവദിച്ചുകിട്ടുന്നതിനായി നടത്തിയ പ്രയത്നത്തിനിടയിലാണ് കുടിയേറ്റ മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന മലയോര ഹൈവേ എന്ന ആശയം ജന്മമെടുക്കുന്നത്.
‘നിങ്ങള്‍ എനിക്കുവേണ്ടി വീഥികള്‍ വിശാലമാക്കുവിന്‍, വളവുകള്‍ നികത്തുവിന്’ എന്ന ബൈബിള്‍ വാക്യമാണ് തനിക്കു പ്രചോദനമായതെന്ന് പിന്നീടൊരിക്കല്‍ അദ്ദേഹം ഓര്‍ത്തെടുത്തിരുന്നു.
മലയോരഹൈവേയുടെ ആശയം പൊതുസമൂഹത്തിലും അധികാരികളിലും എത്തിക്കുന്നതിനായി വിവിധ തലങ്ങളിലായി അഞ്ഞൂറിലേറെ നിവേദനങ്ങളാണ് അദ്ദേഹം തയാറാക്കി സമര്‍പ്പിച്ചത്. നൂറിലേറെ പഠന പര്യടനങ്ങള്‍, സമരപരിപാടികള്‍, ഇടയ്ക്ക് മൂന്ന് സംസ്ഥാന യാത്രകള്‍ എന്നിവയെല്ലാം സംഘടിപ്പിച്ചു.
ഇതില്‍ മിക്കതും സ്വന്തം ചെലവില്‍ തന്നെയായിരുന്നു.ഒടുവില്‍ 90 കളുടെ അവസാനഘട്ടത്തിലാണ് പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നത്. ഔദ്യോഗികതലത്തിലുള്ള സര്‍വേയും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി പദ്ധതിരേഖ തയാറാകാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു.
ഒടുവില്‍ ഫണ്ട് അനുവദിച്ച് പദ്ധതിയുടെ പ്രാരംഭഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നതുകണ്ട് മനസുനിറഞ്ഞായിരുന്നു കനകമൊട്ടയുടെ മടക്കം.മലയോര ഹൈവേയ്ക്കൊപ്പം കാഞ്ഞങ്ങാട്-കാണിയൂര്‍ റെയില്‍ പാത, കാഞ്ഞങ്ങാട്-ചെന്നൈ ദേശീയപാത, കന്യാകുമാരി-ഗോകര്‍ണം ടൂറിസ്റ്റ് ഹൈവേ തുടങ്ങി പുതുമയാര്‍ന്ന നിരവധി വികസന ആശയങ്ങള്‍ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചതിലും കനകമൊട്ടയുടെ അക്ഷീണപ്രയത്നമുണ്ടായിരുന്നു.