തളിപ്പറമ്പ്: സ്വന്തം ചരമ പരസ്യവും ചരമവാര്‍ത്തയും പത്രങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ ശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് സ്വദേശിയെ കോട്ടയത്തെ സ്വകാര്യ ലോഡ്ജില്‍ വച്ച് പോലീസ് പിടികൂടി. ഇന്നു പുലര്‍ച്ച രണ്ടോടെ തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ലോഡ്ജില്‍ വെച്ചാണ് കോട്ടയം വെസ്റ്റ് പോലീസ് ജോസഫിനെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ കോട്ടയം പ്രാഥമിക സഹകരണ കാര്ഷികവിസനബാങ്കിലെത്തിയശേഷം പിടികൊടുക്കാതെ രക്ഷപ്പെട്ടിരുന്നു.
ജോസഫ് കോട്ടയത്ത് ഉണ്ടെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം പോലീസ് കോട്ടയം നഗരത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. തിരുനക്കര ക്ഷേത്രത്തിന് സമീപത്തെ ഐശ്വര്യ ഹോട്ടലില്‍ ജോസഫിന്റെ ഫോട്ടോ കാണിച്ചപ്പോള്‍ ഇവിടെ താമസിക്കുന്നുണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതനുസരിച്ചാണ് പോലീസ് റൂമിലെത്തി അന്വേഷിച്ചത്. ചോദ്യം ചെയ്തപ്പോള്‍ ജോസഫ് ആണെന്ന് വ്യക്തമായി. ഇപ്പോള്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ കഴിയുന്ന ജോസഫിനെ തളിപ്പറമ്പിലേക്ക് കൊണ്ടുവരുന്നതിനായി കോഴിച്ചാലിലെ മകള്‍ ഷീബ ജോസും മരുമകന് ജോസ് അഗസ്റ്റിനും മകന് ഷാജു ജോസഫും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ഇന്ന് രാവിലെ കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ പെരുമാള്‍ ടൂറിസ്റ്റ് ഹോമില്‍ നിന്ന് നവംബര്‍ 30 ന് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷനായ തളിപ്പറമ്പ് കുറ്റിക്കോലിലെ ജോസഫ് മേലുകുന്നേല്‍ (75) ആണ് തിങ്കളാഴ്ച നാടകീയമായി ബാങ്കിലെത്തിയത്. പയ്യന്നൂരിലെ മൂന്ന് പത്രം ഓഫീസുകളിലെത്തി സ്വന്തം ചരമ അറിയിപ്പ് പരസ്യവും ചരമവാര്‍ത്തയും നല്‍കിയാണ് ഇദ്ദേഹം 30 ന് രാവിലെ പയ്യന്നൂര്‍ വിട്ടത്. തളിപ്പറമ്പ് പോലീസ് മംഗളൂരുവിലും കൊങ്കണ്‍ ഭാഗങ്ങളിലും ഇദ്ദേഹത്തെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെ ജോസഫ് കോട്ടയത്തെത്തിയത്. കോട്ടയം പ്രാഥമിക കാര്‍ഷിക വികസന ബാങ്കിലെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളില്‍ പ്രസിദ്ധികരിച്ച സ്വന്തം ചരമ പരസ്യവും നിര്യാണവാര്‍ത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ചു.
തന്റെ ബന്ധുവാണെന്നും ചെവിക്ക് പിന്നിലെ മുഴ തിരുവനന്തപുരത്ത് ആര്‍സിസിയില്‍ കാണിച്ചപ്പോള്‍ ട്യൂമറാണെന്ന് കണ്ടെത്തിയതായും സെക്രട്ടറിയോട് പറഞ്ഞു. അവിടെ ചികിത്സയില്‍ കഴിയവേ ഹൃദാഘാതത്താല്‍ മരിച്ചെന്ന് പറഞ്ഞ് ജോസഫ് പൊട്ടികരഞ്ഞുവത്രേ. തുടര്‍ന്ന് ജോസഫിന്റെ മൃതദേഹത്തില്‍നിന്ന് ലഭിച്ചതെന്ന് പറഞ്ഞ് സ്വര്‍ണമാലയും വന്‍തുകയും എടിഎം കാര്‍ഡുമടങ്ങിയ പൊതി സെക്രട്ടറിയെ ഏല്‍പ്പിച്ചശേഷം മരിച്ചയാളുടെ ഭാര്യ തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. താങ്കള്‍ക്കുതന്നെ നേരിട്ട്കൊടുത്തുകൂടേയെന്ന ചോദ്യത്തിന് പരസ്പരവിരുദ്ധമായി ജോസഫ് പ്രതികരിച്ചതോടെ സെക്രട്ടറിക്ക് സംശയം തോന്നി.
ജോസഫിനെ കാണാതായതുസംബന്ധിച്ച് കാര്‍ഷിക വികസനബാങ്ക് സെക്രട്ടറിമാരുടെ അസോസിയേഷന് സംസ്ഥാനസെക്രട്ടറിയും തളിപ്പറമ്പ് പ്രാഥമിക സഹകരണ കാര്ഷികവിസനബാങ്ക് സെക്രട്ടറിയുമായ വി.വി.പ്രിന്‍സ് വാട്സ് ആപ്പിൽ പോസ്റ്റ് പ്രസിദ്ധികരിച്ചിരുന്നു. ഇക്കാര്യം ഓര്‍മിച്ച ശിവജി മൊബൈല്‍ ഫോണില്‍ പ്രിന്‍സിനെ വിളിച്ചു. ഇരുവരും തമ്മിലുള്ള സംസാരം കേട്ടയുടന്‍ ജോസഫ് ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് സ്ഥലം വിട്ടു. പ്രിന്‍സ് ഇക്കാര്യം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാലിനെ അറിയിച്ചു. വേണുഗോപാല്‍ നല്കിയ വിവരത്തെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി സക്കറിയ പോലിസിനെ അയച്ച് നഗരമാകെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
കൂടുതല്‍ അന്വേഷണത്തിനായി ഡിവൈഎസ്പി രൂപീകരിച്ച സ്പെഷല്‍സ്ക്വാഡും തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഷറഫുദ്ദിന്, രമേശന്, സുരേഷ് എന്നിവര്‍ ഇന്ന് രാവിലെ കോട്ടയത്ത് എത്തിയിട്ടുണ്ട്. നാളെ രാവിലെ തളിപ്പറന്പിൽ എത്തിക്കുന്ന ജോസഫിനെ തളിപ്പറന്പ് കോടതിയിൽ ഹാജരാക്കും.