തിരുവല്ല: ഇന്ധന വിലവർധനയിലൂടെ ജനങ്ങളുടെ പള്ളയ്ക്കടിച്ച കേന്ദ്ര സർക്കാർ നടപടിയെ അപലപിക്കുന്ന മന്ത്രി തോമസ് ഐസക് വർധന മൂലം ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കില്ലെന്നു പറയുന്നതു തികഞ്ഞ ഇരട്ടത്താപ്പാണന്നു കേരളാ കോൺഗ്രസ് – എം ഉന്നതാധികാര സമിതിയംഗം ജോസഫ് എം. പുതുശേരി.
എക്സൈസ് തീരുവ, റോഡ്സെസ് എന്നീ ഇനങ്ങളിൽ ഒരോ രൂപയുടെ വർധനവാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. അതിന്മേൽ പെട്രോളിനു 30 ശതമാനവും ഡീസലിനു 23 ശതമാനവും സംസ്ഥാന നികുതിയും ചേർത്താണ് വില 2.50 രൂപയും 2.47 രൂപയും വർധിച്ചത്.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതുണ്ടാക്കുന്ന വിലക്കയറ്റം അതിഭീമമായിരിക്കുമെന്ന് പുതുശേരി ചൂണ്ടിക്കാട്ടി. എന്നിട്ടും അധിക വരുമാനം വേണ്ടെന്നു വയ്ക്കില്ലെന്ന പ്രസ്താവനയിലൂടെ കേന്ദ്രത്തിന്റെ ചെലവിൽ തങ്ങൾക്കുളളതു പോരട്ടെയെന്നാണു വ്യക്തമാക്കുന്നത്.
നേരത്തെ കേന്ദ്ര സർക്കാർ പെട്രോളിനും ഡീസലിനും വില വർധിപ്പിച്ച മൂന്ന് അവസരങ്ങളിൽ യുഡിഎഫ് സർക്കാർ അതിന്റെ അധിക വരുമാനം വേണ്ടെന്നുവച്ച് ജനങ്ങൾക്കു സമാശ്വാസം നൽകിയിരുന്നു.പ്രളയ സെസ് കൂടി പ്രാബല്യത്തിൽ വരുന്നതോടെ ഇടി വെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നതെന്നും പുതുശേരി ആരോപിച്ചു.