തിടനാട്: മാടമല മണിയാക്കുപാറ ജോസഫിനും (കുഞ്ഞേട്ടൻ) ഭാര്യ റോസമ്മയ്ക്കും നൂറാം പിറന്നാൾ. ഇരുവരും ഒരുമിച്ചിട്ട് 81 വർഷം.ആഘോഷത്തിൽ പങ്കെടുക്കാൻ മക്കളും ചെറുമക്കളും എത്തിയപ്പോൾ അതു തലമുറകളുടെ സംഗമം. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി റോസമ്മയുടെ സഹോദര പുത്രൻ ഫാ.ഡൊമിനിക് കൊഴികൊത്തിക്കൽ സിഎംഐയുടെ മുഖ്യകാർമികത്വത്തിൽ വീട്ടിൽ പ്രത്യേകം തയാറാക്കിയ അൾത്താരയിൽ കൃതജ്ഞതാ ബലി അർപ്പിച്ചു.
ശാരീരികാസ്വാസ്ഥ്യമുള്ളതിനാൽ റോസമ്മയ്ക്കു പള്ളിയിൽ പോകാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് വീട്ടിൽ തന്നെ ദിവ്യബലിക്കു പാലാ രൂപത കേന്ദ്രം പ്രത്യേക അനുമതി നൽകിയത്. ഫാ. ബേബിച്ചൻ വയലിൽ സിഎംഐ, ഫാ. കുര്യൻ വേങ്ങത്താനം സിഎംഐ എന്നിവർ സഹകാർമികത്വം വഹിച്ചു.
തിടനാട് പള്ളി വികാരി ഫാ. ജേക്കബ് വടക്കേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് കൊട്ടാരത്തിൽ, ആന്റോ ആന്റണി എംപി എന്നിവർ ആംശസകൾ അർപ്പിക്കാനെത്തി. തിടനാട് ഇടവകയുടെ ഉപഹാരവും ദന്പതികൾക്ക് സമ്മാനിച്ചു. പൈക കോഴിക്കൊത്തിക്കൽ കുടുംബാംഗമായ റോസമ്മയെ 81 വർഷം മുന്പു വിവാഹം കഴിക്കുന്പോൾ ജോസഫിനും റോസമ്മയ്ക്കും 19 വയസായിരുന്നു.