നിയാസ് മുസ്തഫ
കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആർക്കൊപ്പം നിൽക്കുമെന്ന കാര്യത്തിൽ കെ.എം മാണി മനസ് തുറന്നിട്ടില്ലെങ്കിലും കോണ്‍ഗ്രസ് ഇപ്പോഴും ശുഭ പ്രതീക്ഷയിൽ തന്നെ. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കഴിഞ്ഞ ദിവസം കോഴിക്കോട് ലീഗ് ഹൗസിൽ കെ എം മാണി നടത്തിയ ചർച്ചകൾ പോസിറ്റീവായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്.
എൽഡിഎഫിനൊപ്പം പോവാൻ കെ.എം മാണിക്ക് കഴിയില്ലായെന്ന വിശ്വാസത്തിൽ തന്നെയാണ് കോണ്‍ഗ്രസ് ഇപ്പോഴുമുള്ളത്. കെ.എം മാണി യുഡിഎഫിനോടൊപ്പം എന്നും ഉണ്ടാവണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.
അതേസമയം, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ആരായിരിക്കും സ്ഥാനാർഥിയെന്ന കാര്യത്തിൽ കോണ്‍ഗ്രസിനുള്ളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ചില പേരുകൾ പരിഗണനയിലുണ്ട്. എല്ലാവരുമായും കൂടിയാലോചിച്ചശേഷം സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി തലത്തിലുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴി ഞ്ഞു- കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ശുഹൈബ് വധവും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എംഎൽഎ ആയിരുന്ന കെ.കെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെത്തുടർന്നാണ് ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 1991മുതൽ തുടർച്ചയായി കോണ്‍ഗ്രസിനെ തുണച്ചുവന്നിരുന്ന മണ്ഡലം 2016ലാണ് കോണ്‍ഗ്രസിനെ കൈവിട്ടത്.
2016ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ കെ.കെ രാമചന്ദ്രൻ നായർ കോണ്‍ഗ്രസിലെ പി.സി വിഷ്ണുനാഥിനെ 7983വോട്ടുകൾക്കു തോൽപ്പിച്ചാണ് എംഎൽഎ ആയത്. ബിജെപിയുടെ പി.എസ് ശ്രീധരൻ പിള്ള മൂന്നാം സ്ഥാനത്തായിരുന്നെങ്കിലും പി.സി വിഷ്ണുനാഥിനു ലഭിച്ച വോട്ടുമായി 2215വോട്ടിന്റെ കുറവേ ഉണ്ടായിരുന്നുള്ളൂ.