പത്തനംതിട്ട: കോവിഡ് രോഗലക്ഷണങ്ങളുമായി റാന്നി ആശുപത്രിയിൽ ആദ്യമെത്തുന്നത് ഐത്തല പട്ടയിൽ ജോസഫും ഭാര്യ ഓമനയുമാണ്.
ഒരുവർഷം മുന്പ് അനുഭവിച്ച ടെൻഷനും കുറ്റപ്പെടുത്തലുകളുമൊക്കെ ഓർക്കാൻ തന്നെ ഇരുവർക്കും ഇന്ന് മടിയാണ്.
മാർച്ച് അഞ്ചിനു രാത്രിയിൽ ശക്തമായ പനി ഉണ്ടായതിനേ തുടർന്ന് പിറ്റേന്നു രാവിലെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തി. ഭാര്യ ഓമന ജോസഫിനും പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു.
പരിശോധന നടത്തിയ ഡോ.എസ്. ആനന്ദിന് ചെറിയ സംശയം. വീട്ടിൽ വിദേശത്തുനിന്ന് ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.
ഇറ്റലിയിൽ നിന്ന് സഹോദരനും കുടുംബവും എത്തിയ വിവരം ജോസഫ് അറിയിച്ചു. സഹോദരന്റെ ഭാര്യയ്ക്ക് രക്തസമ്മർദം കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം കൂടി പറഞ്ഞതോടെ ഡോക്ടർക്കു സംശയം വർധിച്ചു.
ഇരുവരെയും ഉടൻതന്നെ മറ്റുള്ളവരിൽ നിന്ന് സന്പർക്കമുണ്ടാകാതെ ഐസൊലേഷൻ മുറിയിലേക്കു മാറ്റി.
പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റാനും ഇറ്റലിയിൽ നിന്നുള്ള മൂന്നംഗ കുടുംബത്തെ കൂടി ആശുപത്രിയിലാക്കാനും തീരുമാനം.
അഞ്ചുപേരുടെ സ്രവം ശേഖരിച്ച് ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു.
പരിശോധനാഫലം എത്തിയത് ഏഴിന് രാത്രിയിൽ. അഞ്ചുപേർക്കും കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ഉന്നതർക്ക് വിവരം എത്തി.
ഇതോടെ റാന്നി എന്ന പ്രദേശം തന്നെ ആകെ മാറുകയായിരുന്നു. പട്ടയിൽ വീട്ടിലെ വയോധികരായ തോമസിനെയും മറിയാമ്മയെയും എട്ടിന് പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചു.
കുടുംബവുമായി സന്പർക്കമുണ്ടായിരുന്ന മുഴുവൻ ആളുകളെയും നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലാക്കി.
കേട്ടു കേഴ്വി് പോലുമില്ലാതിരുന്ന നിരീക്ഷണം, ഐസൊലേഷൻ പ്രക്രിയകളിലേക്ക് ജനം കടന്നു. അടച്ചുപൂട്ടൽ അവസ്ഥയിലായി ഐത്തല ഗ്രാമം. റാന്നി ടൗണിലേക്കും ഇതിന്റെ പ്രതിഫലനമുണ്ടായി.
വയോധികരുൾപ്പെടെ കുടുംബവുമായി ബന്ധപ്പെട്ട ആറുപേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ രണ്ടുപേർ കോട്ടയംകാരുമായിരുന്നു. കേരളത്തിലെ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ ആദ്യ രോഗികളായിരുന്നു ഇവർ.
പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്ന ഇറ്റലിയിൽ നിന്നുള്ള മോൻസിയും കുടുംബവും ജോസഫും ഭാര്യയും ഏപ്രിൽ ഒന്നുവരെ അവിടെ തുടർന്നു.
കോവിഡ് നെഗറ്റീവായി ഇവർ വീട്ടിലേക്കു മടങ്ങിയെത്തിയതോടെ നാടിന്റെ ഭീതിയും മാറിത്തുടങ്ങിയിരുന്നു.
ഇവരുടെ മാതാപിതാക്കളായ തോമസും മറിയാമ്മയും കോട്ടയം മെഡിക്കൽ കോളജിലായിരുന്നു ചികിത്സ. വയോധികരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്ന് മെഡിക്കൽ കോളജും ശ്രദ്ധേയമായി.
പിന്നീടു വീട്ടിൽ വിശ്രമത്തിലായിരുന്ന തോമസ് കഴിഞ്ഞ ഡിസംബർ 24നു മരിച്ചു. മറിയാമ്മ ഇപ്പോഴും വീട്ടിലുണ്ട്.
മകൻ മോൻസി, ഭാര്യ രമണി, ചെറുമകൻ റിജോ എന്നിവർ ഇറ്റലിയിലേക്ക് ഓഗസ്റ്റിൽ മടങ്ങിപ്പോകുകയും ചെയ്തു.