ലോകത്ത് എവിടെ എന്തു പ്രശ്നമുണ്ടായാലും അഭിപ്രായം പറയുന്ന ആളാണ് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്. എന്നാല്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തക പരാതി നല്കിയപ്പോള് ശശിയെ ന്യായീകരിക്കുകയാണ് ജോസഫൈന് ചെയ്തിരിക്കുന്നത്. ഇതോടെ ജോസഫൈനെതിരേ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.
മാധ്യമങ്ങളോട് ജോസഫൈന് പറഞ്ഞതിങ്ങനെ- മനുഷ്യരല്ലേ പല തെറ്റുകളും പറ്റുന്നുണ്ട്. അതില്‍ മാക്സിസ്റ്റ് പാര്‍ട്ടി കൈക്കൊള്ളുന്ന രീതിയുണ്ട്. പാര്‍ട്ടിക്ക് പാര്‍ട്ടിയുടേതായ നടപടിക്രമങ്ങളുണ്ട്. അതേസമയം ശശിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്നാണ് ജോസഫൈന് പറയുന്നത്.
ഇര പൊതുഇടത്തില്‍ പരാതിയുമായി വരുമ്പോഴാണ് കമ്മീഷന് സ്വമേധയാ കേസെടുക്കുന്നത്. ഈ ആരോപണത്തില്‍ അങ്ങനെയും സംഭവിച്ചിട്ടില്ലാത്തതിനാല്‍ കമ്മീഷന് സ്വമേധയാ കേസെടുക്കാന്‍ കഴിയില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമ്മീഷന് അറിയില്ല. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ കമ്മീഷന് അറിയുന്ന വിവരങ്ങള്‍. അതിനാല്‍ തന്നെ സ്വമേധയാ കേസെടുക്കാനാവില്ലെന്നും ജോസഫൈന് പറഞ്ഞു.