നിയാസ് മുസ്തഫ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ മുന്നണികൾക്ക് നേതൃത്വം നൽകുന്ന കോൺഗ്രസും സിപിഎമ്മും ബിജെപിയും സ്ഥാനാർഥി നിർണയ ചർച്ചകൾ ആരംഭിച്ചു. ഇത്തവണ ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാർഥി പട്ടികയിലേക്ക് സിനിമാ താരങ്ങളെ പരിഗണിക്കുന്പോൾ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിലേക്ക് സിനിമാ താരങ്ങൾ ഇല്ലായെന്നതാണ് ശ്രദ്ധേയം. ബിജെപി പട്ടികയിലേക്ക് മോഹൻലാൽ, സുരേഷ്ഗോപി, മഞ്ജുവാര്യർ എന്നിവരുടെ പേരുകൾ പരിഗണിക്കുന്നുണ്ട്. സിപിഎമ്മിന്റെ പട്ടികയിലേക്ക് മമ്മൂട്ടിയേയും റിമ കല്ലിങ്കലിനേയും പരിഗണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയതോടെയാണ് മോഹൻലാൽ ബിജെപി സ്ഥാനാർഥിയായി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന തരത്തിൽ അഭ്യൂഹം ഉയർന്നത്. എന്നാൽ മോഹൻലാൽ തന്നെ ഈ വാർത്ത നിഷേധിച്ചിരുന്നു. ഏതു രാഷ്ട്രീയക്കാരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിക്കപ്പെടുന്ന കാര്യമാണ് രാഷ്ട്രീയ പ്രവേശനം. അതോടെ ആ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും.
പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന തരത്തിൽ പ്രചാരണമുണ്ടായി. രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താല്പര്യമില്ലാത്ത കാര്യമാണ് അത്. എനിക്ക് ഇപ്പോഴുള്ളതുപോലെ സ്വതന്ത്രനായി നടക്കാനാണ് ഇഷ്ടം-ഇതായിരുന്നു കുറച്ചുനാളുകൾക്ക് മുന്പ് ഒരു അഭിമുഖത്തിൽ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് മോഹൻലാൽ നടത്തിയ കമന്റ്.
രാജ്യസഭാംഗമായ സുരേഷ് ഗോപിയെ ലോക്സഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ബിജെപിയിൽ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ ഇതേക്കുറിച്ച് ഒരു നിർദേശവും തനിക്ക് ഇതുവരെ ലഭിച്ചിട്ടില്ലായെന്നാണ് സുരേഷ് ഗോപി പറയുന്നത്. പാർട്ടി തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാൽ അപ്പോൾ ആലോചിക്കാമെന്നുമാണ് സുരേഷ് ഗോപിയുടെ മറുപടി.
ഇതോടൊപ്പം തൃശൂരിൽ മഞ്ജുവാര്യരെ സ്ഥാനാർഥിയാക്കണമെന്നും ബിജെപിയിൽ ആവശ്യമുയർന്നിട്ടുണ്ട്. അടുത്തിടെ എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ച വനിതാ മതിലിൽ ആദ്യം പങ്കെടുക്കുമെന്ന് അറിയിച്ച മഞ്ജുവാര്യർ പിന്നീട് പിൻമാറിയിരുന്നു. ഇത് ബിജെപിക്കു വേണ്ടിയാണെന്ന് അന്ന് അഭ്യൂഹം ഉയർന്നിരുന്നു. എന്നാൽ സിനിമ വിട്ടൊരു പരിപാടിക്കുമില്ലെന്ന നിലപാടിലാണ് മഞ്ജു വാര്യർ.
എറണാകുളത്ത് മമ്മൂട്ടിയെ സ്ഥാനാർഥി ആക്കണമെന്ന അഭിപ്രായം സിപിഎമ്മിലെ പ്രമുഖർക്കുണ്ട്. എന്നാൽ മമ്മൂട്ടി മത്സരിക്കാൻ തീരെ സാധ്യതയില്ലെന്നാണ് അറിവ്. ചാലക്കുടിയിൽ ഇത്തവണ ഇന്നസെന്റ് മത്സരിക്കില്ല. മറ്റൊരു നടിയായ റിമ കല്ലിങ്കലിനേയും എറണാകുളം സീറ്റിൽ സിപിഎം പരിഗണിക്കുന്നുണ്ട്. വനിതാ മതിൽ ഉൾപ്പെടെയുള്ള പരിപാടികളിൽ റിമ സജീവമായി പങ്കെടുത്തിരുന്നു.
എന്നാൽ, ബിജെപിയും സിപിഎമ്മും സിനിമാ താരങ്ങളെ സ്ഥാനാർഥികളാക്കാൻ ആലോചിക്കുന്പോൾ യുഡിഎഫിൽനിന്ന് ഇത്തരം ആലോചനകളൊന്നും വരുന്നില്ല.പാർട്ടിയോടും സമൂഹത്തോടും കടപ്പാടുള്ള സിനിമാ താരങ്ങൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ എതിർപ്പില്ലെന്ന് കോൺഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കൻ പറയുന്നു.
അതേസമയം, പാർട്ടിയോടും സമൂഹത്തോടും സമർപ്പണ മനോഭാവം ഇല്ലാതെ താരങ്ങൾ എന്ന പരിവേഷം മാത്രംവച്ച് തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചാൽ അതിനു വലിയ വില നൽകേണ്ടി വരും. തെരഞ്ഞെടുപ്പിൽ അവരുടെ താരപരിവേഷം ഗുണം ചെയ്തേക്കാം. പക്ഷേ പിന്നീടുള്ള അവരുടെ പ്രവർത്തനംകൊണ്ട് ജനങ്ങൾക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാവുന്നില്ലായെന്നതാണ് കണ്ടുവരുന്നത്.
സിനിമാ മേഖലയിൽനിന്ന് വരുന്നവരിൽ 90 ശതമാനം ആളുകളും ഒറ്റ തവണ മത്സരിച്ച് അവരുടെ പ്രവർത്തനം നിർത്തി തിരിച്ചുപോകുന്നതാണ് കാണുന്നത്. അവർ സമൂഹത്തിൽ ഉറച്ചുനിൽക്കുന്നതു കണ്ടിട്ടില്ല. ഇപ്പോൾ നിലനിൽക്കുന്ന ആളുകൾ പോലും അങ്ങനെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊക്കെ വന്നവരാരും ഇനിയൊരു തെരഞ്ഞെടുപ്പിലേക്ക് വരാൻ സാധ്യതയില്ല. അവരെക്കൊണ്ടൊക്കെ ജനങ്ങൾ അത്രമാത്രം അനുഭവിച്ചു കഴിഞ്ഞു-ജോസഫ് വാഴയ്ക്കൻ പറഞ്ഞു.