നിലന്പൂർ: തോറ്റുകൊടുക്കാത്ത മനസുമായി കഴിഞ്ഞ പതിനഞ്ചു വർഷമായി ഒരേ കിടപ്പിലാണ് ജോഷി. ചാലിയാർ പഞ്ചായത്തിലെ ഇടിവണ്ണ നാല്സെന്റ് കോളനിക്ക് സമീപമുള്ള വലിയ കുളത്തിൽ (ആറു തൊട്ടിൽ) വീട്ടിൽ ആൻഡ്രൂസ്-പെണ്ണമ്മ ദന്പതികളുടെ മകനായ ജോഷി (45). വീട്ടിലെ മുറിയിൽ ജോഷി കിടപ്പിലായിട്ട് വരുന്ന ക്രിസ്മസ് നാളിൽ 15 വർഷം പൂർത്തിയാകും.
2005 ലെ ക്രിസ്മസ് ദിനത്തിലാണ് അപകടം ജോഷിയുടെ ജീവിതത്തെ ഒറ്റമുറിയിലാക്കിയതെന്ന് പിതാവ് ആൻഡ്രൂസ് പറഞ്ഞു. കൂട്ടുകാർക്കൊപ്പം കുറുവൻ പുഴയിൽ കുളിക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ നട്ടെല്ലിനു പൊട്ടലുണ്ടായി.
ഇതോടെ കാലുകൾക്ക് പൂർണമായി ചലനശേഷി നഷ്ടമായി. വർഷങ്ങൾ നീണ്ട ചികിൽസക്കൊടുവിൽ കൈകൾ പകുതി അനക്കാൻ കഴിയുമെങ്കിലും പൂർണമായി ചലിക്കില്ല. അതിനുശേഷം ചികിത്സ തുടരുകയാണ്.
15 വർഷമായി തനിക്ക് താങ്ങും തണലുമായി നിന്നവരെ തന്റെ ആദ്യ ഗാനരചനയിലൂടെ നന്ദിയോടെ ഓർമിക്കുകയാണ് ജോഷി. ’നിറവുള്ളവർ കാണുന്നു കുറവുള്ളവരെ’ എന്ന ഗാനത്തിലൂടെ. ഫേസ് ബുക്ക്, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കുറഞ്ഞ ദിവസം കൊണ്ടു ആയിരങ്ങളാണ് ഈ ഗാനം കേട്ടത്.
16 വരികളുള്ള ഈ ഗാനം അമ്മ പെണ്ണമ്മയുടെ സഹായത്തോടെയാണ് പൂർത്തികരിച്ചത്. അമ്മയുടെ സഹോദരിയുടെ മക്കളായ തിരുവന്പാടി വടശേരിയിൽ സോണിയും സിനിയും പിന്തുണയുമായി ഒപ്പമെത്തി.
സോണി ഗാനത്തിന് സംഗീതം പകർന്നപ്പോൾ സിനി ഗായകൻ നിലന്പൂർ സുരേഷിനൊപ്പം ഈ ഗാനം ആലപിച്ചു. ജോഷി ചെറിയാൻ എഡിറ്റിംഗ് നിർവഹിച്ചു.
ഒരേ കിടപ്പിൽ 15-ാം വർഷത്തിലേക്ക് കടക്കുന്പോൾ ശാരീരിക പ്രയാസം മൂലം വേദന കഠിനമാകുന്പോഴും ജോഷി നിരാശനല്ല. കൂടുതൽ എഴുതാനുള്ള തയാറെടുപ്പിലാണ്.
മൂത്ര തടസത്തെ തുടർന്നു കഴിഞ്ഞ പത്തു ദിവസമായി ചികിൽസയിലാണ്. ഒന്നു ശരിയായാൽ വീണ്ടും അടുത്ത ഗാനത്തിന്റെ രചനയിലേക്കു കടക്കാനാണ് ഉദേശിക്കുന്നതെന്നും ജോഷി പറഞ്ഞു. ഈ ദിവസങ്ങളിൽ ജോഷിക്ക് ഒപ്പമുള്ളത് ടെലിവിഷൻ വാർത്തകളും പത്രവായനയുമാണ്.
പ്രയാസങ്ങൾ സഹിച്ച് പത്രത്തിലെ എഡിറ്റോറിയൽ ഉൾപ്പെടെയുള്ള മുഴുവൻ വാർത്തകളും വായിക്കും. ടിവിയിൽ മുടങ്ങാതെ വാർത്ത കാണും. ഫേസ് ബുക്കിലും വാട്ട്സ്ആപ്പിലും സജീവമാണ്. ഫോണ് നന്പർ: 8086623731.