ന്യൂഡൽഹി: ഡൽഹിയിൽ യുവാവ് സഹപ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് മുപ്പത്തിയൊന്നുകാരനായ ബദാൽ മണ്ഡൽ അറസ്റ്റിലായി. സൗത്ത് ഡൽഹിയിലെ മെഹ്റോളിയിലായിരുന്നു സംഭവം. വിപിൻ ജോഷിയെന്ന യുവാവാണ് കൊല്ലപ്പെട്ടത്. മണ്ഡലിന്റെ ഭാര്യയുമായി വിപിൻ ജോഷിക്ക് ബന്ധമുണ്ടായിരുന്നതാണ് കൊലപാതകത്തിൽ കലാശിച്ചത്. മണ്ഡലും വിപിനും റസ്റ്ററന്റിലെ ജീവനക്കാരാണ്.
കഴിഞ്ഞ ഒമ്പതാം തീയതിമുതൽ വിപിൻ ജോഷിയെ കാണാനില്ലായിരുന്നു. ഏഴു ദിവസങ്ങൾക്കു ശേഷം മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 18 ാം തീയതി ഒഡീഷയിലെ റൂർക്കലയിൽനിന്നും മണ്ഡൽ അറസ്റ്റിലാകുകയും ചെയ്തു.
ഭാര്യയുമായി ബന്ധമുണ്ടെന്നു മനസിലായതോടെയാണ് ജോഷിയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മണ്ഡൽ പോലീസിനോട് പറഞ്ഞു. റസ്റ്ററന്റിൽനിന്നും സ്വന്തമാക്കിയ കത്തി ഉപയോഗിച്ചാണ് ജോഷിയെ കൊലപ്പെടുത്തിയത്. സംഭവത്തിനു ശേഷം മണ്ഡൽ കോൽക്കത്തയിലെ ബന്ധുവിന്റെ അടുത്തേക്കുമുങ്ങി. എന്നാൽ പോലീസ് ഇയാളുടെ മൊബൈൽ ഫോൺ പിന്തുടർന്ന് ഇവിടെയെത്തി. പോലീസ് എത്തുന്നതറിഞ്ഞ് മണ്ഡൽ ഇവിടെനിന്നും കടന്നുകളഞ്ഞു. ഒടുവിൽ റൂർക്കലയിൽനിന്നും ഇയാളെ പോലീസ് പൊക്കി.