വീടുകളിലും റോഡുകളിലും വിള്ളൽ, ജനങ്ങൾ പലായനം ചെയ്യുന്നു..! ജോഷിമഠ് നഗരത്തിൽ സംഭവിക്കുന്നത്…

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ ജനങ്ങൾ ചൊവ്വാഴ്ച രാവിലെ ഉറക്കമുണർന്നത് ഒരു വലിയ ശബ്ദം കേട്ടാണ്.

ഇതിനു പിന്നാലെ നിരവധി വീടുകളിൽ വിള്ളൽ രൂപപ്പെട്ടു. റോഡുകൾ പലതും വിണ്ടുകീറി. അന്നു മുതൽ പ്രദേശവാസികൾ അവരുടെ നഗരം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കുകയാണ്.

നഗരത്തിലെ അഞ്ഞൂറിലധികം കെട്ടിടങ്ങളിലാണ് വിള്ളൽ വീണിരിക്കുന്നത്. മുപ്പതിലധികം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു.

അറുപതിലധികം കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് പോയി. വിള്ളലിനിടയിലൂടെ വീടുകളിലേക്ക് വെള്ളം കയറുകയാണ്.

പല വീടുകളും മുങ്ങുന്ന അവസ്ഥയിലാണ്. ജില്ലാ ദുരന്തനിവാരണ വകുപ്പിന്‍റെ കണക്കനുസരിച്ച് റോഡുകളിലെ ചെറിയ വിള്ളലുകളുടെ വലുപ്പവും വർധിച്ചു.

ഏകദേശം 561 കെട്ടിടങ്ങളുടെ ചുവരുകളിലും തറകളിലും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ജോഷിമഠ് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഭൗമശാസ്ത്ര സർവേകളിൽനിന്ന് ഈ ഭൂപ്രദേശത്തിന്‍റെ അസ്ഥിരതയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ 1976-ൽ തന്നെ വന്നിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 6150 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരമാണ് ജോഷിമഠ്.

Related posts

Leave a Comment