കേരളത്തിലെ ആ മത്സ്യത്തൊഴിലാളിയോടൊപ്പം ജീവിച്ച് എനിക്ക് മികച്ച മനുഷ്യനാവണം! ഓസ്‌ട്രേലിയയില്‍ ജനിച്ച് വളരുന്ന ഒമ്പതു വയസുകാരന്റെ ആഗ്രഹം ഇങ്ങനെ

കേരളത്തില്‍ കഴിഞ്ഞുപോയ പ്രളയവുമായി ബന്ധപ്പെട്ട് പ്രചരിച്ച നിരവധി വാര്‍ത്തകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു, ബോട്ടില്‍ കയറുന്നതിനായി ആളുകള്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയായി നല്‍കിയ യുവാവിന്റെ വാര്‍ത്ത.

സ്വന്തം ജീവനും ജീവിതവും മാത്രം സുരക്ഷിതമാക്കാന്‍ വെമ്പുന്ന ആളുകള്‍ വര്‍ധിക്കുന്ന സമയത്ത് ജെയ്‌സല്‍ എന്ന ചെറുപ്പക്കാരന്‍ ചെയ്ത പ്രവര്‍ത്തി ലോകമെങ്ങും പ്രചരിച്ചിരുന്നു. അര്‍ഹിക്കുന്ന അംഗീകാരവും പ്രോത്സാഹനവും മലയാളികള്‍ അദ്ദേഹത്തിന് കൊടുക്കുകയും ചെയ്തു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പോസിറ്റീവ് വാര്‍ത്ത പുറത്തു വന്നിരിക്കുന്നു. ചെറുതും വലുതുമായ നന്മ പ്രവര്‍ത്തികള്‍ കൊച്ചുകുട്ടികളെപ്പോലും എത്രത്തോളം സ്വാധീനിക്കും എന്ന് തെളിയിക്കുന്ന സംഭവമാണത്.

ലോകത്തിലെ പ്രശസ്തനായ ഒരു വ്യക്തിയ്‌ക്കൊപ്പം നിങ്ങള്‍ക്ക് ഒരു ദിവസം ചെലവഴിക്കണമെന്ന് കരുതുക. ആര്‍ക്കൊപ്പം കഴിയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്. ഇങ്ങനെയൊരു ചോദ്യം വന്നാല്‍ എന്തായിരിക്കും മറുപടി. ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന മലയാളിയായ ഒരു ഒമ്പതു വയസ്സുകാരന്റെ ഉത്തരമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്.

കേരളത്തിലെ വെള്ളപ്പൊക്കത്തില്‍ സ്വന്തം ജീവന്‍ പോലും മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ച ആ മത്സ്യത്തൊഴിലാളിക്കൊപ്പം കഴിയണമെന്നാണ് ജോഷ്വായുടെ മറുപടി. വെള്ളപ്പൊക്കത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ സ്വന്തം മുതുക് കാണിച്ച് കൊടുത്ത മലപ്പുറംകാരനായ ജൈസല്‍ എന്ന മത്സ്യത്തൊഴിലാളിയെയാണ് കുട്ടി സൂപ്പര്‍ഹീറോ ആയി കാണുന്നത്.

പ്രശസ്തനായ കേരളത്തിലെ മത്സ്യത്തൊഴിലാളിക്കൊപ്പം ഒരു ദിവസം കഴിയുന്നതാണ് ജീവിതത്തിലെ സന്തോഷകരമായ കാര്യമെന്ന് ജോഷ്വാ പറയുന്നു. ജോഷ്വാ എഴുതിയ കുറിപ്പ് കുട്ടിയുടെ ബന്ധുവാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് ഫേസ്ബുക്കില്‍ വൈറലാവുകയാണ്.

Related posts