പ്രളയത്തിൽ മുങ്ങിയ കേരളത്തെ ഉയർത്തിയെടുക്കുവാൻ ജീവൻ പണയപ്പെടുത്തി നഷ്ടം സഹിച്ച് ഓടിയെത്തിയവരാണ് മത്സ്യത്തൊഴിലാളികൾ. രക്ഷാപ്രവർത്തനത്തിനിടെ മോശകരമായ ചില അനുഭവങ്ങൾ ഉണ്ടായെങ്കിലും ചെയ്ത ജോലി വൃത്തിയായ് പൂർത്തീകരിച്ചാണ് ഇവർ മടങ്ങിയത്. അന്നുമുതൽ കേരള ജനത ഇവർക്കൊരു പേരും നൽകി. കേരളത്തിന്റെ നാവികസേന.
സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് അനുമോദനവും പണവും നൽകിയെങ്കിലും ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു മടക്കി നൽകുകയാണ് ഇവർ ചെയ്തത്.
ഇപ്പോഴിത ഇത്രയും സ്നേഹ സമ്പന്നരായ ഇവർക്കൊപ്പം ഒരു ദിവസം ചിലവിടുകയാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അറിയിച്ചിരിക്കുകയാണ് ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് ലേഡി ഓഫ് ലൂർദ്സ് കാത്തലിക്ക് സ്കൂളിലെ മൂന്നാം ഗ്രേഡ് വിദ്യാർഥിയായ ജോഷ്വാ.
സ്കൂളിൽ പരീക്ഷയ്ക്ക് ചോദിച്ച പ്രശസ്തനായ ഒരു വ്യക്തിക്കൊപ്പം ഒരു ദിവസം നിങ്ങൾ ചെലവഴിക്കണമെങ്കിൽ അത് ആരായിരിക്കുമെന്ന ചോദ്യത്തിന് ഒമ്പതുവയസുകാരനായ ജോഷ്വ എഴുതിയ ഉത്തരമാണിത്.
ജോഷ്വാ എഴുതിയതിങ്ങനെ
“കേരളത്തിലെ പ്രളയ സമയത്ത് പലരെയും രക്ഷിച്ച പ്രശസ്തരായ മത്സ്യത്തൊഴിലാളികൾക്കൊപ്പം ഒരു ദിവസം ചിലവഴിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവർ സ്വന്തം ജീവൻ പണയം വയ്ക്കുകയും പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്ക് ഭക്ഷണം നൽകുകയും ചെയ്തു.
തങ്ങൾക്ക് ലഭിച്ച പണം നിരസിച്ച അവർ പ്രാർത്ഥനയാണ് ആവശ്യപ്പെട്ടത്. ഇത്തരമൊരു വിനയമുള്ള ഒരാളാകുവാൻ എങ്ങനെ സാധിക്കുമെന്ന് മനസിലാകുവാൻ അവർക്കൊപ്പം ഒരു ദിവസം ജീവിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്’.
ജോഷ്വയുടെ അമ്മയുടെ സഹോദരൻ കോശി വൈദ്യനാണ് ഈ ഉത്തരക്കടലാസ് ഫേസ്ബുക്കിൽ കൂടി ഏവരെയും അറിയിച്ചത്. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല സ്വദേശികളാണ് ജോഷ്വയുടെ മാതാപിതാക്കൾ.