വടക്കാഞ്ചേരി: കണ്‍സ്യൂമർ ഫെഡ് ജീവനക്കാരനായിരുന്ന കുന്പളങ്ങാട് സ്വദേശി തലക്കോട്ടൂർവീട്ടിൽ ജോഷിയുടെ മരണം റീജിയണൽ മാനേജരുടെ പേരിൽ കേസെടുക്കണമെന്ന് ഐഎൻടിയുസി നേതാക്കൾ ആവശ്യപ്പെട്ടു.വടക്കാഞ്ചേരി ത്രിവേണി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു ജോഷി. ഹൃദ്രോഗം മൂലം അവധിയെടുത്തതിന് റീജിയണൽ മാനേജർ ജോഷിയെ ഓഫീസിന് പുറത്ത് നിർത്തിയതായി പറയുന്നു.
കഴിഞ്ഞ ദിവസം പൂത്തോളിലുള്ള കണ്‍സ്യൂമർ ഫെഡ് റീജിയണൽ മാനേജർ ഓഫീസിലാണ് ജോഷി കുഴഞ്ഞുവീണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് അഞ്ച് ദിവസം അവധിയെടുത്ത ജോഷിയോട് എറണാകുളത്തുള്ള മാനേജിങ്ങ് ഡയറക്ടറെ കണ്ടതിന് ശേഷം ജോലിയിൽ പ്രവേശിച്ചാൽ മതിയെന്ന് റീജിയണൽ മാനേജർ പറഞ്ഞിരുന്നുവത്രെ.
ഇതിനിടെ വിഷയത്തിൽ യൂണിയൻ നേതാക്കൾ ഇടപ്പെട്ട് വീണ്ടും തൃശൂരിലുള്ള റീജ്യണൽ മാനേജരുടെ ഓഫീസിലെത്തിയതായിരുന്നു. എന്നാൽ മാനേജർ ജോഷിയെ ഉച്ചവരെ പുറത്ത് നിർത്തിയതായും ഇതിനു ശേഷമാണ് വിളിച്ച് വരുത്തി ശകാരിച്ചതെന്നും ഐ.എൻ.ടി.യു.സി നേതാക്കൾ കുറ്റപ്പെടുത്തി. ഇതിനിടെ കുഴഞ്ഞു വീണ ജോഷിയെ ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവുമായി ബന്ധപ്പെട്ട് റീജിയണൽ മാനേജർ ടി.എസ്.ബിജിയുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും നേതാക്കൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഐഎൻടിയുസി നേതാക്കൾ നൽകിയ വാർത്ത അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കണ്‍സ്യൂമർ ഫെഡ് റീജണൽ മാനേജർ ടി.എസ്.ബിജി അറിയിച്ചു.