കോട്ടയം: പണമിടപാടുകാരന്റെ മൃതദേഹം ആളൊഴിഞ്ഞ പുഴയിടത്തിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തും. ഏറ്റുമാനൂർ പട്ടിത്താനം ഭാഗത്ത് പനച്ചേൽ (നിരപ്പേൽ) ജോഷി ജോസഫി (50)ന്റെ മൃതദേഹമാണു കാണക്കാരി സബ് സ്റ്റേഷനുസമീപം വിജനമായ പുരയിടത്തിൽ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ ആന്തരികാവയവങ്ങൾ രസപരിശോധനയക്ക് തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കൂടി ലഭിച്ചശേഷമേ തുടർ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താനാകൂ. സാന്പത്തിക ഇടപാടുകളുമായി മരണത്തിനു ബന്ധമുണ്ടോ, സ്വഭാവിക മരണമാണോയെന്നും അന്വേഷിക്കേണ്ടതായിട്ടുണ്ട്.
ഏറ്റുമാനൂർ വൻസാന്പത്തിക ഇടപാടുകൾ നടക്കുന്ന സ്ഥലമാണ്. മരണത്തിനു പിന്നിൽ സാന്പത്തിക പ്രശ്നമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ആറു ദിവസം മുന്പാണു ജോഷിയെ കാണാതാകുന്നത്. കഴിഞ്ഞ 28ന് രാവിലെ പതിവുപോലെ നടക്കാനിറങ്ങിയ ജോഷി പിന്നെ തിരിച്ചു വന്നില്ല.
29ന് ഇയാളെ കാണ്മാനില്ലെന്ന് കാട്ടി ലഭിച്ച പരാതിയിൽ ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണു കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴോടെ ഇവരുടെ വീടിനടുത്തു കൂടിയുള്ള ഇടവഴിയിൽ ദുർഗന്ധം വമിച്ചതിനെ തുടർന്നു പരിശോധിച്ച നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
ഹൃദയസ്തംഭനമാണോ മരണകാരണമെന്നും സംശയമുണ്ട്. രാസപരിശോധനാ ഫലം ലഭിച്ചശേഷമേ കൂടുതൽ വിവരങ്ങൾ അറിയുവാൻ സാധിക്കുകയുള്ളൂ.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏറ്റുമാനൂർ പോലീസ് മേൽനടപടികൾക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യയുടെ പേര് പതിച്ച മോതിരവും സ്വർണമാലയും ഭാര്യയുടെ ഫോട്ടോ അടങ്ങിയ പഴ്സും സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ ഫോണും മൃതദേഹത്തിൽനിന്നും കണ്ടെത്തിയത് ആളെ തിരിച്ചറിയാൻ സഹായകമായി. ഏറ്റുമാനൂർ സ്റ്റേഷനിലെ വനിതാ സിപിഒ നിസയാണ് ഭാര്യ. മക്കൾ: ശാലു, ചിക്കു. സംസ്കാരം പിന്നീട്.