ന്യൂഡൽഹി: ബംഗളൂരുവിൽ സഹോദരന്റെ അടുത്ത് പിറന്നാൾ ആഘോഷിക്കാൻ പോയ മലയാളി വിദ്യാർഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി.
ഡൽഹിയിൽ 37 വർഷമായി താമസിക്കുന്ന ഇരിങ്ങാലക്കുട സ്വദേശി ചിറ്റിലപ്പള്ളി കോക്കാട്ട് ഗബ്രിയേലിന്റെ മകൾ ജോഷിലിയെ (21) ആണു കാണാതായത്.
ബംഗളൂരുവിലെ യെലഹങ്കയിലാണ് ഇന്നലെ രാവിലെ അവസാനമായി ജോഷിലിയുടെ മൊബൈൽ ഫോണ് ലൊക്കേഷൻ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.
ഡൽഹിയിൽനിന്നു ഞായറാഴ്ച വൈകുന്നേരം കർണാടക എക്സ്പ്രസ് ട്രെയിനിൽ ബംഗളൂരുവിലേക്കു തിരിച്ച ജോഷിലിയെ സ്വീകരിക്കാൻ ഏകസഹോദരൻ ഷിജോ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
ട്രെയിൻ എത്തിയപ്പോൾ പക്ഷേ ജോഷിലിയെ കണ്ടില്ല. ട്രെയിൻ യാത്രയ്ക്കിടയിലും ജോഷിലി ഡൽഹിയിലുള്ള മാതാപിതാക്കളുമായും ബംഗളൂരുവിൽ താമസിക്കുന്ന സഹോദരനുമായും സംസാരിച്ചിരുന്നു.
ബംഗളൂരുവിലെ ഐടി കന്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ ഷിജോയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിനായാണു ജോഷിലി ബംഗളൂരുവിലേക്കു പോയത്.
ഇന്നലെയായിരുന്നു ജോഷിലിയുടെ പിറന്നാൾ. ഡൽഹി ജീസസ് ആൻഡ് മേരി കോളജിൽനിന്നു ഡിഗ്രി പാസായ ശേഷം എൽഎൽബിക്കു ചേരാനായി പരിശീലന ക്ലാസിൽ ചേർന്നു പഠിച്ചുവരികയായിരുന്നു ജോഷിലി.
ബംഗളൂരുവിൽ ട്രെയിൻ ഇറങ്ങിയ ശേഷം ജോഷിലി സ്വമേധയാ എവിടേക്കെങ്കിലും പോയതാണോ, മറ്റാരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ എന്നു നിശ്ചയമില്ല.
എന്നാൽ യെലഹങ്കയിൽ ജോഷിലിയുടെ മൊബൈൽ ലൊക്കേഷൻ ഇന്നലെ കണ്ടെത്തിയിരുന്നു. പിന്നീട് മൊബൈൽ പ്രവർത്തന രഹിതമായെന്ന് പോലീസ് അറിയിച്ചു.
1982ൽ ഡൽഹിയിലെത്തിയ ഗബ്രിയേൽ ബിസിനസ് നടത്തിവരികയാണ്. ഡൽഹിയിലെ നെഹ്റു ഹോമിയോ മെഡിക്കൽ കോളജിലെ നഴ്സാണു ജോഷിലിയുടെ അമ്മ.