കോട്ടയം: കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ടതോടെ കോണ്‍ഗ്രസ് അംഗങ്ങൾ ആവേശത്തിൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സീറ്റുകൾ നേടാൻ പല യുവനേതാക്കളും കോണ്‍ഗ്രസിൽ സജീവമായി.
പാലാ, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, ചങ്ങനാശേരി തുടങ്ങിയ നിയോജക മണ്ഡലങ്ങളിൽ കോണ്‍ഗ്രസ് താഴെത്തട്ടിലുള്ള പ്രവർത്തനം സജീവമാക്കാൻ ജില്ലാ നേതൃത്വം നിർദേശം നൽകി.
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടതിൽ യുഡിഎഫിനു ഒരു കോട്ടവും തട്ടിയിട്ടില്ലെന്നു കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോഷി ഫിലിപ്പ് പ്രതികരിച്ചു. ജില്ലയിൽ നാലു നിയമസഭാ സീറ്റുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇരുന്നൂറിലധികം സീറ്റുകൾ കേരള കോണ്‍ഗ്രസ് എം മത്സരിച്ചിരുന്നു.
പാലാ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, കടുത്തുരുത്തി, ചങ്ങനാശേരി, ഏറ്റുമാനൂർ എന്നി നിയമസഭാ മണ്ഡലങ്ങളിലാണു കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതിൽ കടുത്തുരുത്തി, ചങ്ങനാശേരി സീറ്റുകൾ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നൽകിയാൽ മറ്റുള്ള നാലു മണ്ഡലം പിടിക്കാനാണു കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
ഇവിടങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് ശ്രമങ്ങൾ തുടങ്ങി. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ കൂടുതൽ പേർക്കു മത്സരിക്കുവാൻ സാധിക്കുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
കേരള കോണ്‍ഗ്രസ് എം വരവ് എൽഡിഎഫിനു നേട്ടമെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ പ്രതീകരിച്ചു. ജില്ലയിലെ സീറ്റുകളിൾ ഉചിതമായ സ്ഥാനാർഥികളെ കണ്ടെത്തുവാൻ ബുദ്ധിമുട്ടുന്ന എൽഡിഎഫിനു കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് ശക്തിപകരും.
എന്നാൽ സീറ്റുകൾ വീതം വയ്ക്കുന്നതടക്കമുള്ള ചർച്ചകൾ മുന്നണിയിൽ വലിയ പ്രശ്നങ്ങൾക്ക് ഇടവരുത്തും. സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി മുന്നോട്ടു പോകുന്നത് ഏറെശ്രമകരമാണ്.