കോട്ടയം: പാഴ്വസ്തുക്കൾ വീണ്ടും ഉപയോഗപ്രദമെന്നു കാണിച്ചുതരികയാണ് കോട്ടയം മര്യാതുരുത്ത് സ്വദേശി കെ.ജെ. ജോസ് എന്ന ജോസി.
പാഴ്വസ്തുക്കളും വർണക്കടലാസുകളും ഉപയോഗിച്ചു അലങ്കാര വസ്തുക്കൾ നിർമിച്ച് ലോക്ഡൗണിലെ ഒഴിവു വേളകൾ ക്രിയാത്മകമാക്കുകയാണ് ഈ കലാകാരൻ.
വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും കടലാസ് കഷ്ണങ്ങളും ചേർത്ത് ജോസി സൃഷ്ടിക്കുന്ന കരകൗശല വസ്തുക്കളുടെ വിശേഷങ്ങൾ പറയാൻ നൂറുനാവാണ് സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും. വിവിധ വർണത്തിലും രൂപത്തിലുമുള്ള പൂക്കളും അലങ്കാര വസ്തുക്കളും ജോസിയുടെ കരവിരുതിൽ ഇന്നു പകിട്ടണിഞ്ഞു നിൽക്കുന്നു.
കോട്ടയത്തെ ദീപികയുടെ ഹെഡ് ഓഫീസിലേക്കു കയറിയാൽ റിസപ്ഷൻ മുതൽ ജോസിയുടെ കൈവിരുതിൽ ഒരുക്കിയ അലങ്കാര വസ്തുക്കൾ കാണാം.
ദീപികയിലെ ഡെസ്പാച്ച് സൂപ്പർവൈസറായ ജോസി വളരെ ആകസ്മികമായാണ് ഈ മേഖലയിലേക്ക് എത്തുന്നത്. ലോക്ഡൗണോടെ വീട്ടിലേക്കു ലോകം ചുരുങ്ങിയപ്പോൾ മകൾ അലങ്കാര വസ്തുക്കൾ നിർമിക്കുന്നത് ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു.
അതിനൊപ്പം ചേർന്നു ആദ്യമായി പേപ്പറും പ്ലാസ്റ്റിക് കുപ്പിയും ചേർത്തു ഒരു പൂവ് നിർമിച്ചു. അതിന്റെ ആനന്ദം തിരിച്ചറിഞ്ഞ ജോസി വർണക്കടലാസിലും കുപ്പികളിലുമായി നിരവധി സൃഷ്ടികളാണ് ഒരുക്കിയെടുത്തത്.
ഒന്നും പാഴല്ല, അതിനെ ഫലപ്രദമാക്കി മാറ്റാൻ നമുക്ക് സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ്. ഒരു കത്രികയും പശയും പേനയും കുറച്ചു പെയിന്റുമുണ്ടെങ്കിൽ ഏതു വസ്തുവിനെയും ഇഷ്ടമുള്ള രൂപത്തിലേക്കു മാറ്റാം.
താൻ ഇതൊന്നും പഠിച്ചതല്ലെന്നും എവിടെയോ ഉറങ്ങിക്കിടന്ന ക്രിയാത്മകത ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നുമാണ് ജോസി പറയുന്നത്.
കഴിഞ്ഞ 37 വർഷമായി ദീപികയിൽ സേവനമനുഷ്ടിക്കുന്ന ജോസി ദീപികയുടെ ലൈബ്രറിയിലേക്കു പത്രങ്ങളും മാസികളും ബയന്റിംഗ് ചെയ്തതാണ് സർഗാത്മകതയെ വളർത്തിയത്.
കൗതുകത്തിനു സൃഷ്ടിച്ച വസ്തുക്കൾക്കു പിന്തുണയുമായി സുഹൃത്തക്കളും കുടുംബാംഗങ്ങളും എത്തിയപ്പോഴാണ് കൂടുതലായി ഇത്തരം വസ്തുക്കൾ നിർമിക്കുന്നതിലേക്കു തിരിഞ്ഞത്.
ജോലിക്കിടയിലുള്ള ഒഴിവു സമയത്താണ് ജോസിയുടെ പരീക്ഷണങ്ങൾ. ഓരോ സൃഷ്ടിയിലും താൻ അനുഭവിക്കുന്ന ആനന്ദത്തെപ്പറ്റിയാണ് ജോസിക്കു പറയാനുള്ളത്. അതുകൊണ്ടു തന്നെ കച്ചവട താല്പര്യത്തോടെ ഇതിനെ സമീപിക്കുന്നില്ല.
കൗതുകമാർന്ന ഉല്പന്നങ്ങളിൽ ആകൃഷ്ടരായി സമീപിക്കുന്നവർക്കു സൗജന്യമായി സമ്മാനിക്കുകയാണ് ചെയ്യുന്നത്. തന്നെ സമീപിക്കുന്നവർക്കു ഇതിന്റെ നിർമാണ തന്ത്രങ്ങളും ജോസി പറഞ്ഞു കൊടുക്കുന്നുണ്ട്.
ഒരു കാലിക്കുപ്പിയോ വർണക്കടലാസോ കണ്ടാൽ ഇപ്പോൾ പുതിയൊരു സൃഷ്ടിയുടെ ചിന്തയാണ് തന്റെ മനസിലുദിക്കുന്നതെന്നു ജോസി പറയുന്നു. കേട്ടറിഞ്ഞും കണ്ടറിഞ്ഞും അപരിചിതരായവർ പോലും വിളിക്കാറുണ്ട്.
ചിലർ ഓർഡർ നൽകാനും മറ്റു ചിലർ ഇവ പഠിക്കാനുമാണ് എത്തുന്നത്. അതുകൊണ്ടു തന്നെ മനസിനു പൂർണ സംതൃപ്തി തുടരുന്ന ഈ വിനോദം ഇനിയുള്ള നാളുകളിൽ തുടരാനാണ് ജോസിയുടെ തീരുമാനം.