കൊച്ചി: അപകടത്തിന്റെ ഞെട്ടലില്‍നിന്ന് യാത്രാസംഘത്തിലുണ്ടായിരുന്ന ജോസ്വിന് ജോണി ഇനിയും മോചിതനായിട്ടില്ല.
ഒപ്പം പഠിച്ചവരും കളിച്ചുനടന്നവരും ഇന്ന് കൂടെയില്ലെന്ന് അറിഞ്ഞപ്പോള്‍ വിങ്ങിപ്പൊട്ടിക്കരയുകയായിരുന്നു,
വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതനിലെ പ്ലസ്വണ് വിദ്യാര്‍ഥിയായ ആരക്കുന്നം മനയിടയില്‍ വീട്ടില്‍ ജോസ്വിന്.
ബസിന്റെ അമിതവേഗമാണ് അപകടകാരണമെന്നാണ് ജോസ്വിൻ പറയുന്നത്. യാത്രയ്ക്കിടെ പലവട്ടം ഇക്കാര്യം ഡ്രൈവറോട് പറഞ്ഞതാണ്.
അതൊന്നും കുഴപ്പമില്ലെന്ന ഒഴുക്കന്‍മട്ടിലുള്ള പ്രതികരണമാണ് ഡ്രൈവറുടെയും സഹായിയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്.
ചാലക്കുടി കഴിഞ്ഞപ്പോള്‍ ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിര്‍ത്തി. രാത്രിയിലേക്കുള്ള ഭക്ഷണം എല്ലാവരും കരുതിയിരുന്നു.
ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചശേഷം വീണ്ടും യാത്ര ആരംഭിച്ചു. ഇതിനിടെ പാപ്പന് സിനിമ ബസിലെ ടിവിയില്‍ കാണിച്ചു. ചിലര്‍ സിനിമ കണ്ടു. ചിലര്‍ ഉറങ്ങിയിരുന്നുവെന്നും ജോസ്വിന് പറഞ്ഞു.
ബസിന്റെ മധ്യഭാഗത്തായിരുന്നു താനും മറ്റൊരു സുഹൃത്തും ഇരുന്നത്. പെട്ടെന്ന് ബസ് എവിടെയോ ഇടിച്ചതിന്റെ ശബ്ദം കേട്ടു.
മുന്നോട്ട് ആഞ്ഞുപോയ തന്റെ മുഖം മുന്നിലെ സീറ്റിന്റെ കമ്പിയില്‍ ഇടിച്ചു. ബസ് വായുവിലൂടെ പറക്കുന്ന പോലുള്ള അനുഭവമാണ് ഉണ്ടായത്. അടുത്തു കണ്ട കമ്പിയില്‍ കൈ മുറുകെ പിടിച്ചു.
ഇതിനിടെ ബസ് റോഡിലേക്കു മറിഞ്ഞ് ഏറെ ദൂരം നിരങ്ങി നീങ്ങി. കമ്പിയില്‍ ഉടക്കി ഇടതുകൈയ്ക്ക് പൊട്ടലുണ്ടായി.
എന്താണു സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല. കൂട്ടുകാർ അലറിവിളിക്കുന്ന ഒച്ച കേള്‍ക്കാമായിരുന്നു. ഇടിച്ച് മറിഞ്ഞതിനുശേഷം ബസിനുള്ളില്‍ വെളിച്ചം ഉണ്ടായിരുന്നില്ല.
ബാഗുകളും മറ്റുള്ളവരുമൊക്കെ ദേഹത്തേക്ക് വന്ന് വീണു കിടക്കുകയായിരുന്നു. വളരെ പ്രയാസപ്പെട്ട് എണീറ്റ് പുറത്തേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും ഗ്ലാസുകൾ പൊട്ടിക്കാന്‍ കഴിഞ്ഞില്ല.
ബസിനു മുകളിലുള്ള സണ്‍റൂഫ് ഇളക്കിയാണ് താനും സുഹൃത്തുക്കളും പുറത്തുകടന്നതെന്നും ജോസ്വിന് ഓര്‍മിച്ചെടുക്കുന്നു.
നിസാര പരിക്കുകളോടെ രക്ഷപ്പെട്ട പ്ലസ്വണ് വിദ്യാര്‍ഥി അലന് ഷിജിക്കും ബസിന്റെ പിന്‍സീറ്റിലിരുന്ന പ്രിന്‍സ് വി. രാജുവിനും പറയാനുണ്ടായിരുന്നത് ഇക്കാര്യങ്ങളൊക്കെ തന്നെയായിരുന്നു.
പ്രിന്‍സിന്റെ ഇടതുകൈക്ക് ചതവും മുറിവുമുണ്ട്. കൂട്ടുകാരായ ഇമ്മാനുവലും അഞ്ജനയും വിട്ടുപോയ വേദനയിലാണ് ഇരുവരും.