കൊച്ചി: ഇന്ധനവില വര്‍ധവിനെതിരേ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തെ ചോദ്യം ചെയ്ത നടന് ജോജു ജോസഫിന്റെ കാര്‍ തകര്‍ത്ത സംഭവത്തില്‍ ഇന്ന് പോലീസ് ജോജുവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തും.
മരട് പോലീസാണ് മൊഴി രേഖപ്പെടുത്തുന്നത്. വാഹനം തകര്‍ത്ത കേസിലെ പ്രതികളെ തിരിച്ചറിയാനുള്ള നടപടികളാണ് ഇനി നടത്തുകയെന്ന് മരട് പോലീസ് ഇന്‍സ്പെക്ടര്‍ സാജന് ജോസഫ് പറഞ്ഞു.
സംഭവത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ജോജുവിനെ കാണിക്കും. കൂടുതല്‍ പ്രതികളുടെ മൊഴി രേഖപ്പെടുത്തും. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതി ചേര്‍ക്കുമെന്നാണ് സൂചന.
അവരുടെ അറസ്റ്റും ഇന്നുണ്ടായേക്കും. ടോണി ചമ്മിണി ഉള്‍പ്പെടെ എട്ടു നേതാക്കള്‍ക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. നിലവില്‍ രണ്ടു കേസുകളാണ് മരട് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
റോഡ് ഉപരോധിച്ചതിനെതിരേയുള്ള ഒരു കേസും രണ്ടാമത്തേത് തന്റെ വാഹനം തകര്‍ത്തുവെന്നും ദേഹോപദ്രവും ഏല്പിച്ചുവെന്നു കാണിച്ചു ജോജു നല്കിയ പരാതിയിലുമാണ് കേസ് എടുത്തിരിക്കുന്നത്.
ജോജുവിനെതിരേയുള്ളകേസില് നടപടി പിന്നീട്
മദ്യപിച്ച് അപമര്യാദയയായി പെരുമാറിയെന്നു കാണിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പരാതി നല്‍കിയെങ്കിലും ജോജുവിനെതിരേ കേസെടുക്കുന്നത് ദൃശ്യങ്ങൾ വിശദമായി പരിശോദിച്ച ശേഷമെന്ന് പോലീസ്.
ഇതിനായി സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും ദൃശ്യ മാധ്യമ പ്രവര്‍ത്തകരുടെ കൈയില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിക്കും. അതിനുശേഷമായിരിക്കും നടപടി ഉണ്ടാകുക.
കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമരം മുന്‍കൂട്ടി അറിയിച്ചെങ്കിലും ഇതിന് അനുമതി നല്‍കിയിരുന്നില്ലെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റേ പറഞ്ഞു. അനുമതിയല്ലാതെ സമരം നടത്തിയാല്‍ 500 രൂപയാണ് പിഴത്തുക.
പോലീസ് ഇടപ്പള്ളി വൈറ്റില ബൈപ്പാസില്‍ ഇന്നലെ മുന്‍കൂട്ടി ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും സമരത്തിനിടെയുണ്ടായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.