കോട്ടയം: കോട്ടയത്തും പരിസരപ്രദേശത്തും മഞ്ഞപ്പിത്തം പടരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 26 പേർക്കാണു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. നഗരസഭാ പരിധിയിൽ വരുന്ന ചൂട്ടുവേലി, കുമാരനല്ലൂർ എന്നിവിടങ്ങളിലാണു മഞ്ഞപ്പിത്തം പടരുന്നത്.
തട്ടുകടയിൽനിന്നു ഭക്ഷണം കഴിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന് അതിരന്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെയും നഗരസഭയുടെയും ജില്ലാ ആരോഗ്യവിഭാഗത്തിന്റെയും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെത്തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ തട്ടുകട പരിശോധിക്കുകയും അടപ്പിക്കുകയും ചെയ്തു.
പ്രദേശത്തെ കിണറുകളിലോ ജലാശയങ്ങളിലോ മഞ്ഞപ്പിത്തത്തിനു കാരണമായ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗകാരണമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്താനാവശ്യമായ സംവിധാനം മാത്രമെ നിലവിലുള്ളൂവെന്നും വൈറസുകൾ കണ്ടെത്താനാവശ്യമായ വൈറോളജി സംവിധാനം ഇല്ലാത്തതിനാൽ ഇത്തരം കാര്യങ്ങളിൽ നേരിടുന്ന കാലതാമസം വളരെ അപകടമാണെന്നും ആരോഗ്യവിഭാഗം അധികൃതർ പറയുന്നു.
പ്രദേശത്ത് എവിടെയെങ്കിലും കക്കൂസ് ടാങ്ക് ചോരുകയോ മറ്റു മാലിന്യ ഉറവിടങ്ങൾ ഉണ്ടോയെന്നുമുള്ള അന്വേഷണം നടത്തുകയാണ്. ഒരാഴ്ചയായി സ്ഥിതി നിയന്ത്രണ വിധേയമാണന്നും പുതിയതായി ആരിലും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.
കഴിവതും ഭക്ഷണം ചൂടോടെ മാത്രം കഴിക്കണമെന്നും വൃത്തിഹീനമായ രീതിയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽനിന്നും തട്ടുകടകളിൽനിന്നുമുള്ള ഭക്ഷണം ഒഴിവാക്കണമെന്നും അതിരന്പുഴ പ്രാഥമിക ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു.