കോട്ടയം: ചൂട് വർധിച്ചതോടെ വേനൽക്കാല രോഗങ്ങൾ വ്യാപിക്കുന്നു. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, ചെങ്കണ്ണ്, വയറിളക്ക രോഗങ്ങളാണു ജില്ലയുടെ വിവിധ മേഖലയിൽ പടർന്നുപിടിക്കുന്നത്. വേനൽ ചൂടിൽ ജലാശയങ്ങൾ വറ്റി വരണ്ടതോടെ ജല മലിനീകരണവും വ്യാപകമാണ്. മലിനജലം ഉപയോഗിക്കുന്നതു വഴിയും അവ ഉപയോഗിച്ചു ഭക്ഷണം തയാറാക്കുന്നതിലൂടെയും വയറിളക്ക രോഗങ്ങളും മഞ്ഞപ്പിത്തവും വ്യാപകമാകുമെന്നു ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
വേനൽ കാലത്തു ചൂടു വെള്ളം കുടിക്കുക, ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തുക തുടങ്ങിയവയാണു മുൻകരുതൽ. മലിനജ ഹൈപ്പറ്റൈറ്റിസ് എ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തം ജില്ലയുടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
സൂര്യപ്രകാശത്തിന്റെ കാഠിന്യത്താൽ കണ്ണിനുണ്ടാകുന്ന ചെങ്കണ്ണ് രോഗവും പടരുന്നുണ്ട്. ബാക്ടീരിയ, വൈറസ് എന്നിങ്ങനെ രണ്ടു തരം ചെങ്കണ്ണ് രോഗങ്ങളും ഇക്കുറി വർധിക്കുവാൻ സാധ്യതയുണ്ട്. ചൂടു കൂടുന്നതോടെ യാത്ര ചെയ്യുന്നവർക്കും സൂര്യപ്രകാശം നേരിട്ട് അനുഭവിക്കേണ്ടി വരുന്നവർക്കുമാണു രോഗം വരാൻ സാധ്യതയേറെ. യാത്രകളിൽ കൂളിംഗ് ഗ്ലാസുകൾ ഉപയോഗിക്കുക, തണുത്ത വെള്ളം ഉപയോഗിച്ച് കണ്ണ് കഴുകുക തുടങ്ങിയവയാണ് ചെങ്കണ്ണിനുള്ള പ്രതിരോധ മാർഗങ്ങൾ.
മുൻ വർഷങ്ങളിൽ വ്യാപകമായിരുന്ന വൈറൽ പനി ഇക്കുറി അധികമായി റിപ്പോർട്ട് ചെയ്യാത്തതാണു ജില്ലയിലെങ്ങും ആശ്വാസം പകരുന്നത്. ഏറ്റുമാനൂർ നഗരസഭാ പരിധിയിൽ മഞ്ഞപ്പിത്തവും ചിക്കൻപോക്സും പടരുന്നുണ്ട്. ആരോഗ്യവിഭാഗം ശുദ്ധജല സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യുകയും ബോധവൽക്കരണ സെമിനാറുകൾ നടത്തുകയും ചെയ്തെങ്കിലും രോഗബാധ നിയന്ത്രിക്കാനായിട്ടില്ല.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ജില്ലയിൽ തിരുവാർപ്പ്- രണ്ട്, മുണ്ടക്കയം – നാല്, മുളക്കുളം, അകലക്കുന്നം നാട്ടകം, ഏറ്റുമാനൂർ എന്നീ മേഖലകളിലാണു ചിക്കൻപോക്സ് സ്ഥിരീകരിച്ചിരിക്കുന്നത്.