മൂവാറ്റുപുഴ: ജില്ലയുടെ കിഴക്കൻ മേഖലയായ മൂവാറ്റുപുഴയിൽ മഞ്ഞപ്പിത്തം പടരുന്നു. തൃക്കളത്തൂർ, വാഴപ്പിള്ളി, മുടവൂർ, ഊരമന പ്രദേശങ്ങളിലാണ് ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തിലുള്ള മഞ്ഞപ്പിത്ത ബാധിതരെ കണ്ടെത്തിയിരിക്കുന്നത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലും, സമീപപ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളിലുമായി ഇതുവരെ 20 പേരാണ് ചികിത്സ തേടിയത്.
കഴിഞ്ഞ വർഷം ഊരമനയിൽ ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തിൽപ്പെട്ട മഞ്ഞപ്പിത്തം ബാധിച്ച് നിരവധി പേർ മരിച്ചിരുന്നു. രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും വെല്ലൂർ, മണിപ്പാൽ എന്നിവിടങ്ങളിൽ നിന്നുമുള്ള വിദഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും രോഗത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ വർഷവും അതേ മേഖലയിൽ തന്നെ രോഗം കണ്ടെത്തിയതു നാട്ടുകാരിൽ ആശങ്ക ഉളവാക്കിയിരിക്കുകയാണ്. രോഗകാരണം കണ്ടെത്താൻ കഴിയാത്തതിനാൽ പ്രതിരോധ വാക്സിനേഷനും, ബോധവത്കരണവുമാണ് പ്രതിവിധിയെന്ന് ഡോക്ടർമാർ പറയുന്നു.
പിഎച്ച്സികളിൽ പ്രതിരോധ വാക്സിനേഷൻ നൽകുന്നില്ല. ജനറൽ ആശുപത്രികളിലും, താലൂക്ക് ആശുപത്രികളിലുമാണ് നിലവിൽ ഹെപ്പറ്റൈറ്റിസ് ബിയുടെ പ്രതിരോധ വാക്സിനേഷൻ നൽകുന്നത്. കുട്ടികൾക്കു പ്രതിരോധ വാക്സിനേഷൻ സർക്കാർ സൗജന്യമായി നൽകുന്നുണ്ട്. എന്നാൽ മുതിർന്നവർക്ക് വാക്സിനേഷൻ എടുക്കുന്നതിന് 300 രൂപയോളം ചെലവുവരും. അതുകൊണ്ടു തന്നെ പലരും വാക്സിനേഷൻ എടുക്കാനും തയാറാകുന്നില്ല.
മൂന്നു ഡോസ് മരുന്നാണ് പ്രതിരോധ വാക്സിനേഷനായി നൽകുന്നത്. ഒരു ഡോസ് കുത്തിവയ്പ്പ് എടുത്ത ശേഷം അടുത്ത ഡോസ് മരുന്ന് ഒരു മാസം കഴിഞ്ഞും മൂന്നാമത്തേത് ആറു മാസം കഴിഞ്ഞുമാണു നൽകേണ്ടത്.
ഹെപ്പറ്റൈറ്റിസ് ബി
ഹെപ്പറ്റൈറ്റിസ് ബി രക്തത്തിലൂടെയും ശരീര ശ്രവങ്ങളിലൂടെയുമാണ് പകരുന്നത്. കരളിനെയാണ് രോഗം ബാധിക്കുക. ആദ്യം പനിയും പിന്നീടു ശരീരവേദനയും തുടർന്നു ഛർദിയും ഉണ്ടാകും. ഇതോടെ രോഗി അവശനിലയിലാകും. രോഗം മനസിലാക്കി തുടക്കത്തിലേ ചികിത്സിച്ചില്ലങ്കിൽ മരണം വരെ സംഭവിക്കുമെന്നു വിദഗ്ധർ പറയുന്നു. രോഗം ബാധിച്ചാൽ ഉടൻ ആശുപത്രികളിൽ ചികിത്സ തേടണം.
ചികിത്സ വൈകുകയോ സ്വയം ചികിത്സിക്കുകയോ ചെയ്യുന്നതു രോഗിയുടെ അവസ്ഥ കൂടുതൽ വഷളാക്കും. ഹെപ്പറ്റൈറ്റീസ് ബി രോഗം പിടിപ്പെട്ടയാൾക്ക് രോഗത്തിന്റെ അണുക്കൾ രക്തത്തിൽനിന്നു മാറണമെങ്കിൽ മാസങ്ങളെടുക്കും. രോഗം മാറിയ ശേഷവും രക്തം പരിശോധിച്ച് അണുബാധ പൂർണമായി മാറിയെന്ന് ഉറപ്പാക്കണം.
ആരോഗ്യ വകുപ്പിന്റെ ഇടപെടൽ ആവശ്യപ്പെട്ടു
നിയോജക മണ്ഡലത്തിൽ ഹെപ്പറ്റൈറ്റിസ് ബി വിഭാഗത്തിൽപ്പെട്ട മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് എൽദോ ഏബ്രഹാം എംഎൽഎ മന്ത്രി കെ.കെ. ശൈലജയ്ക്കു കത്ത് നൽകി.
പ്രതിരോധ വാക്സിനേഷൻ സൗജന്യമായി നൽകുന്നതിന് പഞ്ചായത്തുകളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പ്രദേശത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും നിരീഷണങ്ങളും നടത്തണമെന്ന് ഡിഎംഒയ്ക്കും എംഎൽഎ നിർദേശം നൽകിയിട്ടുണ്ട്.