നടി ആക്രമണം ചോദിച്ച് വാങ്ങിയതാണ്! അവരെപ്പോലെ ഒരുങ്ങിക്കെട്ടി നടക്കുന്നവരെല്ലാം അതര്‍ഹിക്കുന്നു; തനിക്ക് കിട്ടിയ ഊമകത്തിനെ തുറന്നുകാട്ടി മാധ്യമപ്രവര്‍ത്തക

  നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെതിരെ ലേഖനമെഴുതിയ മാധ്യമപ്രവര്‍ത്തകയായ നിലീന അത്തോളിയ്ക്ക് ഊമക്കത്ത്. സ്ത്രീ വിരുദ്ധവും ഭീഷണിച്ചുവയുള്ളതുമായ കത്തിനെ കുറിച്ച് നിലീന തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറം ലോകത്തെ അറിയിച്ചത്. നടി ആക്രമണം ചോദിച്ചു വാങ്ങി. ഒരുങ്ങി നടക്കുന്ന അവരും മറ്റ് നടിമാരും ഇത് അര്‍ഹിക്കുന്നു. പോരാടുന്നവള്‍ക്ക് വേണ്ടി എഴുതുന്നവര്‍ കൈക്കൂലിക്കാര്‍. ലൈംഗികാതിക്രമത്തെ അതിജീവിച്ചവര്‍ നന്നായി ജീവിക്കരുത്, കരഞ്ഞോ പുറത്തിറങ്ങാതെയോ കാലം കഴിച്ചോളണം.

സുനി പാവമാണ്, സുനി മാത്രമല്ല കുറ്റാരോപിതനായ ദിലീപും, ഇതായിരുന്നു കത്തിന്റെ ഉള്ളടക്കമെന്ന് നിലീന പറയുന്നു. കിട്ടിയത് ഊമക്കത്താണ്. പേരില്ല. പക്ഷെ അക്രമിക്കപ്പെട്ട നടിയേക്കാളും പോലീസിനേക്കാളും കാറില്‍ നടന്ന സംഭവങ്ങള്‍ വ്യക്തമായി അറിയാവുന്ന തരത്തിലാണ് കത്തെഴുതിയത്. ഇയാള്‍ ആരാണെന്ന് തിരിച്ചറിഞ്ഞാല്‍ ഭാവിയില്‍ ഒരു ലൈംഗികാതിക്രമം തടയാനാവും. അത്രയും സ്ത്രീ വിരുദ്ധനാണ്. മാത്രമല്ല. ബോള്‍ഡ് ആയ സ്ത്രീകള്‍ ലൈംഗികമായി അക്രമിക്കപ്പെടേണ്ടവരാണെന്ന മനോഭാവം വെച്ചു പുലര്‍ത്തുന്നയാളാണ് ഇയാളെന്നും നിലീന വ്യക്തമാക്കുന്നു. ലൈംഗികാതിക്രമങ്ങള്‍ നടന്ന ശേഷം കുറ്റവാളിയെ കണ്ടു പിടിക്കുന്നതിനേക്കാള്‍ നല്ലതല്ലെ കുറ്റകൃത്യം കാലേക്കൂട്ടി തടയുന്നത്. ഇയാള്‍ക്ക് കൃത്യമായ ബോധവത്കരണവും ക്ലാസ്സും നല്‍കേണ്ട ബാധ്യത പൊതു സമൂഹത്തിനും സര്‍ക്കാരിനുമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

 

Related posts