പതിനെട്ടാം വയസില്‍ മുരശൊലിയ്‌ക്കൊപ്പം തമിഴ് നാടിന്റെ തുടിപ്പറിഞ്ഞ മാധ്യമപ്രവര്‍ത്തകനായി; കരുണാനിധിയുടെ മാധ്യമജീവിതം അനുപമം…

വിടപറഞ്ഞ തമിഴ്‌നാട് മുഖ്യമന്ത്രി എം.കരുണാനിധിയെ രാഷ്ട്രീയക്കാരന്‍, സിനിമാക്കാരന്‍,മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ എല്ലാവരും അറിയുമെങ്കിലും തമിഴ് മാധ്യമപ്രവര്‍ത്തനത്തിന്റെ കുലപതി എന്ന സ്ഥാനത്തിനു കൂടി അര്‍ഹതപ്പെട്ട ആളായിരുന്നു കരുണാനിധി. വിഷയത്തിന്റെ പ്രസക്തിയാലും അതിശക്തമായ വിമര്‍ശനാത്മക രചനകളാലും അനേകം ലേഖനങ്ങളും എഴുത്തുകളും തീര്‍ത്ത കരുണാനിധി ഏറ്റവും മൂത്ത മകനായി കരുതി എന്നും പ്രാധാന്യം നല്‍കിയിരുന്നത് ഡിഎംകെയുടെ മുഖപത്രമായ മുരശൊലിയെ ആയിരുന്നു. 1942 ല്‍ തുടങ്ങിയ മാധ്യമം 75 ാം പിറന്നാള്‍ ആഘോഷിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു.

ദ്രാവിഡ പാര്‍ട്ടികളുടെ മുന്നേറ്റത്തിന്റെ ഘട്ടത്തില്‍ എല്ലാ നേതാക്കളും മാധ്യമങ്ങളോ മാസികകളോ നടത്തിയിട്ടുണ്ട്. അവയെല്ലാം കൂടി കൂട്ടിയാല്‍ 250 ഓളം വരും. എന്നാല്‍ അതില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത് വിടുതലൈയ്ക്കും ദ്രാവിഡര്‍ കഴകം ദിനപ്പത്രത്തിനും മുരശൊലിയ്ക്കും മാത്രമാണ്. തന്റെ മാധ്യമത്തിലുടെ അനേകം ലേഖനങ്ങളും പ്രബന്ധങ്ങളും എഴുതി. 1953 ല്‍ സി എന്‍ അണ്ണാദുരൈ നടത്തിയ നാം നാട് ആയിരുന്നു ഡിഎംകെ യുടെ ആദ്യ ഔദ്യോഗിക മാധ്യമം. എന്നാല്‍ എവിപി ആസൈ തമ്പിയുടെ തനിയരശ് അത് പൂട്ടിക്കെട്ടി. 1938 ല്‍ ഹിന്ദി നിര്‍ബ്ബന്ധിതമാക്കിയതിനെതിരേ വിദ്യാര്‍ത്ഥികളെ നയിച്ച കരുണാനിധി 1941 ല്‍ മാനവ നേശന്‍ എന്ന ഒരു കയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ചിരുന്നു.

1941ല്‍ മുരശൊലിയ്‌ക്കൊപ്പം മാധ്യമരംഗത്തേക്ക് കടന്നുവരുമ്പോള്‍ കരുണാനിധിയ്ക്ക് പ്രായം വെറും 18. രണ്ടാം ലോകമഹായുദ്ധ കാലത്ത് തിരുവാരൂരില്‍ നിന്നുമായിരുന്നു മുരശൊലി പ്രസിദ്ധീകരിച്ച് തുടങ്ങിയത്. ചേരന്‍ എന്ന പേരിലായിരുന്നു മുരശൊലിയില്‍ കരുണാനിധി എഴുതിയിരുന്നത്. 1944 വരെ അത് കയ്യെഴുത്ത നോട്ടീസ് പോലെ ലഘുലേഘയായിരുന്നു ആദ്യപ്രതികള്‍. തിങ്കളാഴ്ച പ്രസിദ്ധീകരിച്ചിരുന്ന മുരശൊലിയിലൂടെ കരുണാനിധി ശക്തമായി പ്രതികരിച്ചു. ദ്രാവിഡര്‍ കഴകത്തിന്റെ വിവിധ ശാഖകളിലേക്ക് അയച്ചായിരുന്നു പ്രചരണം. അംഗങ്ങളില്‍ നിന്നുള്ള സംഭാവനകളായിരുന്നു മുരശൊലിയുടെ നിലനില്‍പ്പെന്ന് അദ്ദേത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. 1948 ലാണ് മുരശൊലി ആഴ്ചപ്പതിപ്പിന്റെ രൂപത്തിലേക്ക് മാറിയത്. എന്നാല്‍ 25 ലക്കം കഴിഞ്ഞപ്പോള്‍ അദ്ദേഹം സേലത്തെ മോഡേണ്‍ തീയറ്ററില്‍ ചേര്‍ന്നു സിനിമാ എഴുത്തും കാര്യങ്ങളിലേക്ക് നീങ്ങിയതോടെ മുരശൊലി നിന്നുപോയി.

കരുണാനിധി ചെന്നൈയില്‍ പിന്നീട് സ്ഥിരതാമസമാക്കിയതോടെ ആഴ്ചപ്പതിപ്പ് പുനര്‍ജ്ജനിച്ചു. ജനക്കൂട്ടത്തിന് വികാരമായി മാറിയതുപോലെ തന്നെ പതിനെട്ടാം വയസ്സില്‍ മുരശൊലി മാരനും ദ്രാവിഡ മുന്നേറ്റ കഴകത്തിന് തരംഗമായി മാറി. പത്ര രൂപത്തിലേക്ക് മാറിയ മുരശൊലിക്ക് ഇപ്പോള്‍ 70,000 കോപ്പികളുടെ സര്‍ക്കുലേഷനുണ്ട്. 1960 സെപ്തംബര്‍ 17 നായിരുന്നു മുരശൊലി ദിനപ്പത്രമായി രൂപം പ്രാപിച്ചത്. ഇത് നടത്തിക്കൊണ്ടു പോകാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ ഒരു ട്രസ്റ്റും സ്ഥാപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി പദത്തിലെത്തിയപ്പോഴും കരുണാനിധി മുരശൊലിയെ കൈവിട്ടില്ല. ഒരു ഘട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും അദ്ദേഹം കോടമ്പാക്കത്തെ മാധ്യമത്തിന്റെ ഓഫീസില്‍ ചെന്നതും അതിന്റെ ന്യൂസുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇടപെട്ടതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. തമിഴ്‌നാടിന്റൈ ഹൃദയംതൊട്ട രാഷ്ട്രീയ നേതാവിനെയാണ് ഇപ്പോള്‍ തമിഴ് ജനതയ്ക്ക് നഷ്ടമായിരിക്കുന്നത്.

Related posts