ലക്നോ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകർക്കെതിരായ പോലീസ് അതിക്രമം തുടരുന്നു. ഷാംലിയിൽ ട്രെയിൽ അപകടം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനെ റെയിൽവേ പോലീസ് ക്രൂരമായി മർദിച്ചു. ന്യൂസ് 24 വാർത്താ ചാനൽ റിപ്പോർട്ടർ അമിത് ശർമയ്ക്കാണു മർദനമേറ്റത്. സംഭവത്തിന്റെ വീഡിയോ എഎൻഐ വാർത്താ ഏജൻസി പുറത്തുവിട്ടു.
പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ധിമാൻപുരയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. ചരക്കു തീവണ്ടി പാളം തെറ്റിയതിന്റെ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു അമിത് ശർമ. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ പ്രകോപനമില്ലാതെ ഉദ്യോഗസ്ഥർ മർദനം അഴിച്ചുവിടുകയായിരുന്നു.
സിവിൽ ഡ്രസിലായിരുന്ന ഉദ്യോഗസ്ഥർ തന്നെ വലിച്ചിഴച്ച് സ്റ്റേഷനിലേക്കു കൊണ്ടുപോയി. കാമറ നശിപ്പിച്ചു. അത് എടുക്കാൻ ശ്രമിച്ചപ്പോൾ വസ്ത്രം വലിച്ചുകീറി, ചീത്തവിളിച്ചു. വായിൽ ഉദ്യോഗസ്ഥർ മൂത്രമൊഴിച്ചു. ബുധനാഴ്ച രാവിലെയാണു തന്നെ വിട്ടയച്ചതെന്നും മർദനത്തിനിരയായ അമിത് ശർമ ആരോപിച്ചു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മർദനം നടത്തിയ ജിആർപി ഇൻസ്പെക്ടർ രാകേഷ് കുമാറിനെയും കോണ്സ്റ്റബിൾ സഞ്ജയ് പവാറിനെയും സസ്പെൻഡ് ചെയ്തു. താൻ റെയിൽവേ പോലീസിനെ കുറിച്ച് മുന്പ് വാർത്ത ചെയ്തതിന്റെ വൈരാഗ്യത്തിലാണ് മർദനം അഴിച്ചുവിട്ടതെന്ന് അമിത് ആരോപിച്ചു.
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകർക്കു നേരെയുണ്ടാകുന്ന പോലീസ്-ഭരണകൂട നടപടികളിൽ ഒടുവിലത്തേതാണ് അമിത് ശർമയ്ക്കെതിരായ മർദനം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ചുള്ള ട്വീറ്റിനെ തുടർന്ന് മാധ്യമപ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ഉടൻ വിട്ടയയ്ക്കാൻ സുപ്രീംകോടതി നിർദേശിച്ചു. മറ്റ് മൂന്നു മാധ്യമപ്രവർത്തകർ കൂടി കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായിട്ടുണ്ട്.