ബർലിൻ: ജർമൻ ഗോളി മാനുവൽ നൊയർക്ക് ലോകകപ്പിൽ കളിക്കാൻ കഴിയുമെന്ന കോച്ച് ജോവാകിം ലോ. നൊയർ ക്യാപ്റ്റനായ ജർമൻ ദേശീയ ടീം ഇപ്പോൾ ടിറോളിൽ പരശീലനത്തിലാണെന്നും ലോ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിനുശേഷം നോയർ പരുക്കു കാരണം മത്സരങ്ങൾക്കൊന്നും ഇറങ്ങിയിട്ടില്ല. എന്നാൽ, രണ്ടാഴ്ചയായി ബയേണ്‍ മ്യൂണിക്ക് ടീമിനൊപ്പം പരിശീലനം നടത്തിവരികയായിരുന്നുവെന്ന് ലോ ചൂണ്ടിക്കാട്ടി. നിലവിൽ കളത്തിലിറങ്ങാൻ പൂർണസജ്ജനായിക്കഴിഞ്ഞെന്നാണ് കരുതുന്നത്.
ഞങ്ങൾ 11 പേരല്ല, 23 പേരാണ്. ചരിത്രം ജർമനിയുടെ കൂടെ ചിലപ്പോഴൊക്കെയുണ്ട്. പുതിയൊരു പാത വെട്ടിത്തുറക്കാൻ ബുദ്ധിമുട്ടില്ല. ഇക്കുറി ജർമനിയുടേത് പുതിയ ടീമാണ്. ഏതുസമയത്തും കളത്തിലിറങ്ങാൻ തയാറുള്ള 23 അംഗ സംഘമാണ് ഉള്ളത്. ലോകകപ്പ് പോലുളള ടൂർണമെന്റുകളിൽ ആദ്യ ഇലവൻ മാത്രമല്ല, 23 പേരും അങ്ങനെയായിരിക്കണം. ആദ്യ ഇലവനെയല്ല, 23 അംഗ സംഘത്തെ വളർത്തിയെടുക്കുന്നതിലാണ് ഞങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നത്- ലോ പറഞ്ഞു.
മരിയോ ഗോറ്റ്സെയെ ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയത് ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവ കളിക്കാർക്ക് ഇത്ര ഉയരവും താഴ്ചയും അടുത്തടുത്ത് നേരിടാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ, എഴുതിത്തള്ളാൻ കഴിയുന്ന കളിക്കാരനല്ല ഗോറ്റ്സെ. ഈ സീസണിൽ പ്രകടനം മോശമായെങ്കിലും അടുത്ത സീസണിൽ തിരിച്ചുവരാൻ അദ്ദേഹത്തിനു കഴിയുമെന്നും ലോ പറഞ്ഞു.
ജോസ് കുന്പിളുവേലിൽ