
ദുബായ്: ലോക്ക്ഡൗണ്‍ കാലത്തെ കാത്തിരിപ്പിനൊടുവിൽ ജീവനക്കാർക്ക് നാട്ടിലേക്കു മടങ്ങാൻ ജോയ്ആലുക്കാസ് ഒരുക്കിയ ചാർട്ടേർഡ് വിമാനം കൊച്ചിയിലിറങ്ങി.
ദുബായിയിലെ ഇന്ത്യൻ കോണ്‍സുലേറ്റിന്റെ സഹകരണത്തോടെയാണ് ചാർട്ടേർഡ് വിമാന സർവീസിന് അനുമതി ലഭിച്ചത്. ഷാർജയിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ 25 കുട്ടികളും ആറു നവജാത ശിശുക്കളുമടക്കം 174 പേർ നാട്ടിലെത്തി.
സുരക്ഷ ഉറപ്പാക്കാൻ എല്ലാ യാത്രക്കാർക്കും റാപ്പിഡ് ടെസ്റ്റ് നടത്തി സുരക്ഷാ കിറ്റുകളും നൽകിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. മുഴുൻപേരുടെയും പരിശോധനാഫലം അനുകൂലമായിരുന്നു.
ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഒൗദ്യോഗിക ആവശ്യങ്ങൾക്ക് വിവിധ രാജ്യങ്ങളിൽനിന്ന് യുഎഇയിൽ എത്തിയ ജീവനക്കാർ, നാട്ടിൽനിന്ന് സന്ദർശകവിസയിൽ എത്തിയ മാതാപിതാക്കൾ, മറ്റു കുടുംബാംഗങ്ങൾ എന്നിവർക്കുകൂടി വേണ്ടിയാണ് പ്രത്യേക സൗകര്യം ഒരുക്കിയത്.
ജീവനക്കാരുടെ സംരക്ഷണം ഉറപ്പാക്കുകയെന്ന കന്പനിയുടെ ധാർമിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ചാർട്ടേർഡ് വിമാനം ഏർപ്പെടുത്തിയതെന്ന് ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.